
സർക്കാർ ഇടപെട്ടില്ലെങ്കിൽ നിരക്ക് ഉടൻ നടപ്പാക്കും
തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ ഒ.പി ടിക്കറ്റിന് 10രൂപ ഫീസ് ഏർപ്പെടുത്താൻ ഇന്നലെ ചേർന്ന ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ബി.പി.എല്ലുകാർക്ക് സൗജന്യമായിരിക്കും. പ്രതിദിനം കാൽലക്ഷം രൂപയാണ് ഒ.പിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. 20രൂപ ഫീസ് നിശ്ചയിക്കാനായിരുന്നു ആദ്യനീക്കം. ഇക്കാര്യം കേരളകൗമുദി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു.പിന്നാലെ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 10രൂപ നിശ്ചയിച്ചത്. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ നിരക്ക് ഉടൻ പ്രാബല്യത്തിൽ വരും. പ്രതിഷേധങ്ങൾ ശക്തമായാൽ സർക്കാർ ഇടപെടലിലൂടെ നിരക്ക് കുറഞ്ഞേക്കും.ആദ്യമായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒ.പി ടിക്കറ്റിന് ഫീസ് ഈടാക്കുന്നത്.ശരാശരി 3,300പേർ വിവിധ ഒ.പികളിലായി പ്രതിദിനം എത്തുന്നുണ്ട്. 500പേർക്ക് സൗജന്യം നൽകിയാലും 2500പേരിൽ നിന്നായി 25,000 രൂപ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.ബി.പി.എല്ലുകാർ റേഷൻ കാർഡ് ഹാജരാക്കണം.ആശുപത്രി വികസന സമിതിയിലേക്കാണ് ഫീസ് എത്തുക.പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ഒ.പി ടിക്കറ്റിന് ഈടാക്കുമ്പോൾ വിപുലമായ ചികിത്സാ സന്നാഹങ്ങളുള്ള മെഡിക്കൽ കോളേജിൽ ഫീസ് ഏർപ്പെടുത്തുന്നതിൽ തെറ്റില്ലെന്നാണ് അധികൃതരുടെ വാദം. ഫീസ് ഉയർത്തിയതിൽ പ്രതിഷേധിച്ച് സമിതിയിലെ കോൺഗ്രസ് പ്രതിനിധി ഉള്ളൂർ മുരളി യോഗം ബഹിഷ്കരിച്ചു.
3,300പേർ
(വിവിധ ഒ.പികളിലെത്തുന്നവർ ശരാശരി)
കാർഡിയോളജി.................600
ന്യൂറോ.................................500
മെഡിസിൻ..........................250
ഓർത്തോ............................350
ഇ.എൻ.ടി.............................250
ത്വക്ക്.....................................200
യൂറോളജി...........................250
ഗ്യാസ്ട്രോ..........................300
സൈക്യാട്രി........................150
മറ്റുവിഭാഗങ്ങൾ.................450
പ്രതിഷേധം ഉയരുന്നു
ഒ.പി ടിക്കറ്റിന് പത്തു രൂപ ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം അനീതിയും പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയുമാണെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറിയും മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി അംഗവുമായ ഇറവൂർ പ്രസന്നകുമാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സി.എം.പി ജില്ലാ കമ്മിറ്റി ഇന്ന് രാവിലെ 9.30ന് മെഡി.കോളേജിന് മുന്നിൽ ധർണ നടത്തുമെന്ന് ജില്ലാ സെക്രട്ടറി എം.ആർ.മനോജ് അറിയിച്ചു.