വിഴിഞ്ഞം: തദ്ദേശവാർഡ് വിഭജനത്തോടെ വെങ്ങാനൂർ,കോട്ടുകാൽ ഗ്രാമപഞ്ചായത്തുകളിൽ രണ്ട് വാർഡുകൾ വീതം പുതിയതായി കൂട്ടിച്ചേർത്തു.ഓരോ വാർഡുകൾ മറ്റ് വാർഡുകളോട് കൂട്ടിച്ചേർത്ത് പേര് മാറി.വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ നിലവിലുണ്ടായിരുന്ന 20 വാർഡുകൾ 22 ആയി കൂടി.ഹൈസ്കൂൾ വാർഡ്,പുത്തൻകാനം എന്നിവയാണ് പുതിയ വാർഡുകൾ. വിഴിഞ്ഞം കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ നിലവിൽ 19 വാർഡുണ്ടായിരുന്നത് 21ആയി വർദ്ധിച്ചു.ജൂബിലി നഗർ,കോട്ടുകാൽ എന്നീ വാർഡുകളാണ് പുതിയതായി നിലവിൽ വന്നത്. ഇരുപഞ്ചായത്തുകളിലെയും പകുതിയിലധികം വാർഡുകളും നിലവിലെ വാർഡ് നമ്പർ മാറിയിട്ടുണ്ട്. കൂടാതെ മറ്റ് വാർഡുകളിലെ അതിർ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് വാർഡുകളുടെ അതിർത്തികളും മാറ്റിയിട്ടുണ്ട്.