
തിരുവനന്തപുരം: അമേരിക്കൻ ബഹിരാകാശ ഭീമൻ ഇലോൺ മസ്‌കിന്റെ സ്പെയ്സ് എക്‌സ് കമ്പനിയുടെ ഫാൽക്കൺ റോക്കറ്റിൽ ഇന്ത്യൻ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 വിക്ഷേപിച്ച് ചരിത്രം കുറിച്ച് ഐ.എസ്.ആർ.ഒ. അമേരിക്കൻ റോക്കറ്റിൽ ഇന്ത്യൻ ഉപഗ്രഹം വിക്ഷേപിക്കുന്നത് ആദ്യമാണ്.
ഫ്‌ളോറിഡയിലെ കേപ് കനാവറലിലുള്ള സ്‌പേസ് കോംപ്ലക്സ് 40ൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 12.01നായിരുന്നു വിക്ഷേപണം. 12.36ന് ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ബാംഗ്ളൂരിലെ ഐ.എസ്.ആർ.ഒ.യുടെ ബ്യാലാലുവിലെ ടെലിമെട്രി ആൻഡ് ട്രാക്കിംഗ് കമാൻഡ് നെറ്റ് വർക്ക് നിയന്ത്രണം ഏറ്റെടുത്തു.
4000കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ മാത്രമാണ് ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്നത്. ജി.എസ്.എൽ.വി. മാർക്ക് ത്രീ റോക്കറ്റിന് അത്രയും ശേഷി ശേഷിയേ ഉള്ളൂ. കൂടുതൽ ഭാരമുള്ള ഉപഗ്രഹങ്ങൾ യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ ഏരിയൻ റോക്കറ്റുകളിലാണ് വിക്ഷേപിച്ചിരുന്നത്. ഏരിയൻ റോക്കറ്റിന് വിക്ഷേപണത്തിന് സമയം കിട്ടാതിരുന്നതിനാലാണ് സ്പെയ്സ് എക്സിനെ സമീപിച്ചത്.
സ്പെയ്സ് എക്‌സ് വിക്ഷേപണത്തിന് യൂറോപ്യൻ ഏജൻസിയെക്കാൾ ചെലവ് കൂടുതലാണ്. ഐ. എസ്. ആർ. ഒയുടെ വാണിജ്യ ഏജൻസിയായ ഇൻസ്‌പെയ്സ് ആണ് വിക്ഷേപണ ചെലവ് വഹിച്ചത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉപഗ്രഹ സേവനം വാടകയ്ക്ക് നൽകിയാണ് ഇൻസ്പെയ്സ് നഷ്ടം നികത്തുക. ഇൻസ്പെയ്സിന്റെ രണ്ടാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണിത്. 2022ൽ ജി.സാറ്റ് 24ആണ് ആദ്യം വിക്ഷേപിച്ചത്. അതിന്റെ സേവനം ടാറ്റാ പ്ളൈ കമ്പനിക്ക് നൽകി. ഇൻസ്പെയ്സ് ആദ്യമായാണ് സ്പെയ്സ് എക്സുമായി സഹകരിക്കുന്നത്.
ജിസാറ്റ് 20
പൂർണമായും വാണിജ്യാടിസ്ഥാനത്തിലുള്ള അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹം. ജിസാറ്റ് എൻ 2 എന്നും പേര്. 4700കിലോഗ്രാം ഭാരം. ആയുസ് 14വർഷം. ഇന്ത്യയുടെ വിദൂര പ്രദേശങ്ങളിൽ ബ്രോഡ്ബാൻഡും വിമാനങ്ങളിൽ ഇന്റർനെറ്റും ലഭ്യമാക്കും. സ്മാർട്ട്സിറ്റി പദ്ധതികൾക്ക് പ്രയോജനം. ഗാമ ബാൻഡ് ഫ്രീക്വൻസി മാത്രം ഉപയോഗിക്കുന്ന ഐഎസ്ആർഒയുടെ ആദ്യ ഉപഗ്രഹം.