k

തിരുവനന്തപുരം: ചാക്ക ബൈപ്പാസിന് സമീപം വൃദ്ധനെ അന്യസംസ്ഥാന സംഘം മർദ്ദിച്ചതായി പരാതി. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. മുരളി (83)ക്കാണ് മർദ്ദനമേറ്റത്. സ്വന്തമായി വീടില്ലാത്ത മുരളി സ്ഥിരമായി ബൈപ്പാസിനടിയിലാണ് കിടന്നുറങ്ങുന്നത്. അടുത്തിടെയാണ് മുരളിയുടെ ഭാര്യ മറവിരോഗം ബാധിച്ച് മരിച്ചത്. ബൈപ്പാസിന് അടുത്ത് തന്നെയാണ് അന്യസംസ്ഥാന സംഘവും കിടക്കുന്നത്. വാഹനങ്ങളുടെ ഗ്ലാസ് തുടച്ചും ഭിക്ഷാടനം നടത്തിയും ജീവിക്കുന്ന സംഘത്തിലെ രണ്ടുപേരാണ് യാതൊരു പ്രകോപനവും കൂടാതെ മുരളിയെ മർദ്ദിച്ചതെന്നാണ് പരാതി. പേട്ട പൊലീസ് സ്ഥലത്തെത്തിയെങ്കിലും കേസെടുക്കാൻ താത്പര്യം കാണിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. മൂക്കിന് സാരമായി പരിക്കേറ്റ മുരളിയെ നാട്ടുകാർ ചേർന്നാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുമ്പും രണ്ട് വട്ടം അന്യസംസ്ഥാന സംഘം മുരളിയെ മർദ്ദിച്ചിട്ടുണ്ട്. പ്രദേശത്ത് സ്ത്രീകൾ ഉൾപ്പെടെയുള്ള അന്യസംസ്ഥാന സംഘത്തിന്റെ വിളയാട്ടമാണെന്നും പൊലീസിന്റെ ഭാഗത്തു നിന്ന് ഇടപെടൽ ഉണ്ടാവുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.