വിതുര: മഴയെത്തിയതോടെ മലയോരമേഖലയിൽ വൈദ്യുതിമുടക്കവും വോൾട്ടേജ്ക്ഷാമവും രൂക്ഷമാകുന്നതായി പരാതി. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലാണ് വൈദ്യുതിപ്രതിസന്ധി കൂടുതൽ. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീഴുന്നത് മൂലമാണ് വൈദ്യുതിവിതരണം നിലയ്ക്കുന്നത്. പൊൻമുടി, കല്ലാർ, ബോണക്കാട്, ആനപ്പാറ, മൊട്ടമൂട്, ആറാനക്കുഴി, മേഖലകളിലാണ് മിക്കദിനങ്ങളിലും വൈദ്യുതിമുടങ്ങുന്നത്. മരങ്ങൾ ലൈനുകളിൽ പതിക്കുന്നതിന് പുറമേ കാട്ടാനകളും വൈദ്യുതിതൂൺ മറിച്ചിടുന്നുണ്ട്. വോൾട്ടേജ് ക്ഷാമത്തിന്റെ കാര്യവും വിഭിന്നമല്ല.വനമേഖലകളിൽ കൂടി കടന്നുപോകുന്ന ലൈനുകളാണ് കൂടുതലും തകരാറിലാകുന്നത്. ലൈനുകളിൽ മരച്ചില്ലകൾ മുട്ടിനിൽക്കുന്നതും വോൾട്ടേജ് ക്ഷാമത്തിന് കാരണമാകുന്നുണ്ട്. മഴയായതോടെ ഇലക്ട്രിസിറ്റി ഓഫീസുകളിൽ പരാതിക്കാരുടെ പ്രളയമാണ്.
പിടിപ്പത് പണി
മഴക്കാലമായതോടെ ഇലക്ട്രിക് സിറ്റി ജീവനക്കാർക്ക് ഇരട്ടിപണി ചെയ്യേണ്ട സ്ഥിതിയായി.മഴയത്ത് മരങ്ങൾ വ്യാപകമായി ഒടിഞ്ഞും കടപുഴകിയും വീഴുന്നുണ്ട്. പൊൻമുടി,കല്ലാർ മേഖലകളിലാണ് കൂടുതലും മരങ്ങൾ വീണ് വൈദ്യുതി പ്രതിസന്ധിയുണ്ടാകുന്നത്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നത്.
വൃശ്ചികവർഷവും
മലയോരമേഖലയിൽ വീണ്ടും മഴ കനക്കുന്നു. പൊൻമുടി,കല്ലാർ,പേപ്പാറ,ബോണക്കാട് വനമേഖലകളിലാണ് തുലാവർഷത്തിന് പുറമേ വൃശ്ചികവർഷവും തിമിർക്കുന്നത്. ആദിവാസി മേഖലകളിലും കനത്ത മഴയാണ്. നദികളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഡാമുകളിലെ അവസ്ഥയും വ്യത്യസ്തമല്ല.