port

തിരുവനന്തപുരം: തലസ്ഥാനത്തിന് പുതുവർഷ സമ്മാനമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മിഷനിംഗിനോട് അടുക്കുന്നു. വലുപ്പത്തിൽ ലോകത്തെ നാലാമനായ ക്ലൗഡ് ജിറാർഡെറ്റ് അടക്കം കൂറ്റൻ ചരക്കുകപ്പലുകൾ വിഴിഞ്ഞത്ത് അടുത്തുകഴിഞ്ഞു. ഇനിസാങ്കേതിക പരിശോധനകൾ ആവശ്യമില്ല. ട്രയൽ ഘട്ടത്തിൽ തന്നെ കാര്യക്ഷമത തെളിയിച്ചതിനാൽ കമ്മിഷനിംഗിന് ഇനി കേന്ദ്രാനുമതി വേണ്ട. ഡിസംബർ അവസാനമോ ജനുവരി ആദ്യമോ പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖം കമ്മിഷൻചെയ്യും.

സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായകമാവുന്ന തുറമുഖത്ത് ട്രയൽ ഘട്ടത്തിൽ 55 കപ്പലുകൾ അടുത്തു. 24,116 കണ്ടെയ്നറുകൾ വഹിക്കാവുന്ന ക്ലൗഡ്- ജിറാർഡെറ്റ് കപ്പൽ 400മീറ്റർ നീളവും 61.5മീറ്റർ വീതിയുമുള്ള അൾട്രാലാർജ് വെസൽ ഗണത്തിൽപ്പെട്ടതാണ്. 63.5മീറ്റർ വീതിയുള്ള കപ്പലും വരാനിരിക്കുന്നു. വലിയ കപ്പലുകളടുപ്പിക്കാൻ ഗുജറാത്തിലെ മുന്ദ്രതുറമുഖത്തടക്കം വേണ്ടിവന്ന ഡ്രഡ്ജിംഗ് വിഴിഞ്ഞത്ത് ആവശ്യമില്ല.

ജനുവരി ഒന്നിന് ജിബൂത്തിയിൽ നിന്നുള്ള കപ്പലുമെത്തുന്നുണ്ട്. ഒരുലക്ഷത്തിലേറെ കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് തുറമുഖം കാര്യക്ഷമത തെളിയിച്ചു. സംസ്ഥാന ഖജനാവിലേക്ക് 8കോടിയിലേറെ രൂപ നികുതിയിനത്തിൽ ലഭിച്ചു. തുറമുഖത്ത് സിമന്റ് മിക്സിംഗ്പ്ലാന്റും കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ഓയിൽബങ്കറും വരുന്നതോടെ തൊഴിലവസരങ്ങളും വർദ്ധിക്കും.

തുറമുഖം കമ്മിഷനോട് അടുക്കുന്ന ഘട്ടത്തിൽ, 817.8കോടിയുടെ വയബിലിറ്റി ഗ്യാപ്ഫണ്ട് (വി.ജി.എഫ്) അനുവദിക്കുന്നതിന് ഉപാധികൾ ഒഴിവാക്കണമെന്ന് സർക്കാർ വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടും. കമ്മിഷൻ ചെയ്ത് 10വർഷത്തിനുശേഷം സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം വിഹിതം പങ്കുവയ്ക്കണമെന്നാണ് ഉപാധി. 2034 മുതൽ വരുമാനത്തിന്റെ ഒരുശതമാനം സംസ്ഥാന സർക്കാരിന്കിട്ടും. ഇത് ഓരോവർഷവും ഒരുശതമാനം വീതംകൂടും (പരമാവധി 25 ശതമാനം). 40വർഷംവരെ ഇത് ലഭ്യമാവും. വി.ജി.എഫിന്റെ പേരിൽ ഈവരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കുവയ്ക്കണമെന്നാണ് വ്യവസ്ഥ. 80 ശതമാനം സംസ്ഥാനത്തിനെടുക്കാം.

9600 കോടി

തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമ്മാണത്തിന് അദാനി മുടക്കും

തലസ്ഥാനത്തിന് ബമ്പർ

1. വിഴിഞ്ഞം- നാവായിക്കുളം ഔട്ടർറിംഗ് റോഡിന്റെ ഇരുവശത്തുമായി വ്യവസായ, വാണിജ്യ ശാലകൾ

2. റിന്യൂവബിൾ എനർജി, ഗ്രീൻഹൈഡ്രജൻ, സീഫുഡ്, അഗ്രികൾച്ചർ പാർക്കുകളും ലോജിസ്റ്റിക് ഹബുംവരും

3. തുറമുഖാധിഷ്ഠിത വ്യവസായഇടനാഴി, ക്ലസ്റ്ററുകൾ, ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ എന്നിവയുമുണ്ടാവും.

തുറമുഖ കമ്മിഷനിംഗ് സംബന്ധിച്ച കാര്യങ്ങൾ മന്ത്രിസഭായോഗം ചർച്ചചെയ്ത് തീരുമാനിക്കും.

-വി.എൻ.വാസവൻ, മന്ത്രി