വർക്കല: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ് വിഭജനം പൂർത്തിയാക്കി ഡീലിമിറ്റേഷൻ കമ്മീഷൻ കരട് രേഖ പ്രസിദ്ധീകരിച്ചു. ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയർ അധിഷ്‌ടിത ക്യുഫീൽഡ് ആപ്പ് ഉപയോഗിച്ചാണ് വാർഡ് അതിർത്തികൾ പുനർനിർണയിച്ചത്. വാർഡ് നിർണയ നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളും എതിർപ്പുകളും ഡിസംബർ 3 വരെ കമ്മീഷൻ സ്വീകരിക്കും. വിജ്ഞാപനം കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
വർക്കല നഗരസഭ
വർക്കല നഗരസഭയിൽ ഒരു വാർഡ് കൂടി രൂപീകരിച്ചു. ഇതോടെ നഗരസഭയിൽ ആകെ വാർഡുകളുടെ എണ്ണം 34 ആയി. ജനാർദ്ദനപുരമാണ് പുതിയ വാർഡ്. 26,27,28,30 വാർഡുകളിൽ നിന്നുള്ള പ്രദേശങ്ങൾ വിഭജിച്ച് കൈരളി ജംഗ്ഷനിൽ നിന്നും വാച്ചർമുക്ക്, മുണ്ടയിൽ പടിക്കെട്ട്, കുമളി ക്ഷേത്രം വയലിൽ ഭാഗം, അഴകത്തുവളവ് പടിക്കെട്ട്, പി. ഡബ്ലിയു.ഡി റോഡ് ആൽത്തറമൂട് വലതുഭാഗം, പടിക്കെട്ട് ചേർന്ന് കൈരളി ജംഗ്ഷൻ വരെയുള്ള പ്രദേശങ്ങൾ ചേരുന്നതാണ് ജനാർദ്ദനപുരം വാർഡ്. 1002 ആണ് വാർഡ് ജനസംഖ്യ.
ഇലകമൺ ഗ്രാമപഞ്ചായത്ത്
പ്ലാവിൻമൂട്, വില്ലിക്കടവ് എന്നീ രണ്ട് വാർഡുകളാണ് ഇലകമൺ ഗ്രാമപഞ്ചായത്തിൽ രൂപീകരിച്ചത്. ഇതോടെ ആകെ വാർഡുകൾ 18 ആയി. മൂന്നാം വാർഡായ ഊന്നിമൂട്, പതിനാറാം വാർഡ് കെടാകുളം എന്നിവിടങ്ങളിലെ പ്രദേശങ്ങൾ വിഭജിച്ചാണ് പ്ലാവിൻമൂട് വാർഡ് രൂപീകരിച്ചിട്ടുള്ളത്. 1302 ആണ് ജനസംഖ്യ. കളത്തറ പതിനൊന്നാം വാർഡിലെയും പന്ത്രണ്ടാം വാർഡായ മൂലഭാഗത്തേയും വിഭജിച്ച് വില്ലിക്കടവ് വാർഡ് രൂപീകരിച്ചു . ജനസംഖ്യ 1276.
ഇടവ പഞ്ചായത്ത്
ഇടവ പഞ്ചായത്തിലെ നിലവിലെ 9ാം വാർഡായ വെൺകുളം എൽ.വി.യു.പി.എസിനൊപ്പം അഞ്ചാം വാർഡ് വെൺകുളം, ഏഴാം വാർഡ് കാട്ടുവിള, എട്ടാം വാർഡ് കുരുവിള എന്നിവയുടെ ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് മുക്കാലയ്ക്കൽ എന്ന പേരിൽ പുതിയ വാർഡ് രൂപീകരിച്ചിട്ടുള്ളത്. ജനസംഖ്യ 1386. പതിനഞ്ചാം വാർഡായ മദ്രസാ വാർഡിന്റെ പേര് പ്രസ്‌മുക്ക് വാർഡ് എന്നാക്കി മാറ്റിയിട്ടുണ്ട്. ആകെ വാർഡുകൾ 17ൽ നിന്നും 18 ആയി ഉയർന്നു.
ചെമ്മരുതി ഗ്രാമപഞ്ചായത്ത്
ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ കോവൂർ വിഭജിക്കുകയും 1,2,3,4 വാർഡുകളിലെ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് കോവൂർ വാർഡ് എന്ന പേര് നിലനിറുത്തുകയും ചെയ്തിട്ടുണ്ട്. ഈ വാർഡിൽ മുമ്പ് ഉണ്ടായിരുന്ന മറ്റ് പ്രദേശങ്ങളും വടക്ക് പാളയംകുന്ന്-പാരിപ്പള്ളി റോഡിൽ ചാവർകോട് ജംഗ്ഷൻ, കിഴക്ക് വർക്കല റോഡിൽ നാവായിക്കുളം പഞ്ചായത്ത് അതിർത്തി മുതൽ ആർ.കെ.എം.യു.പി സ്കൂൾ ജംഗ്ഷൻ, തെക്ക് ശിവപുരം ട്രാൻസ്‌ഫോർമർ - ശിവപുരം ക്ഷേത്രം ഏല, പടിഞ്ഞാറ് നാലുമുക്ക് കുന്നത്ത് ക്ഷേത്രം റോഡ് വരെയാണ് പുതുതായി രൂപീകരിച്ച ചാവർകോട് വാർഡ്. ജനസംഖ്യ 1473. ഫലത്തിൽ ചാവർകോട് എന്ന് പുതിയ വാർഡിന്റെ പേര് വന്നെങ്കിലും വിഭജനം നടന്നത് കോവൂർ വാർഡിലാണ്. ആകെ വാർഡുകൾ 19ൽ നിന്നും 20 ആയി ഉയർന്നു.
ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്
ശിവൻനട വാർഡാണ് ചെറുന്നിയൂർ പഞ്ചായത്തിൽ പുതുതായി രൂപീകരിച്ച വാർഡ്. ദളവാപുരം, ചെറുന്നിയൂർ, ചക്കപൊയ്ക, മുടിയക്കോട് വാർഡുകൾ വിഭജിച്ചാണ് പുതിയ വാർഡ്. ആകെ വാർഡുകൾ 14ൽ നിന്നും 15 ആയി.
വെട്ടൂർ ഗ്രാമപഞ്ചായത്ത്
വെട്ടൂർ പഞ്ചായത്തിലെ കഴുത്തുംമൂട്, വിളബ്ഭാഗം വാർഡുകൾ പ്രധാനമായും ടൂറിസ്റ്റ് ബംഗ്ലാവ് , അക്കരവിള, എലപ്പിൽ, ചൂളപ്പുര എന്നീ വാർഡുകളുടെ കുറച്ചു ഭാഗങ്ങളും ചേർത്താണ് പുതിയ വാർഡായ എച്ച്.എസ്.എസ് രൂപീകരിച്ചിട്ടുള്ളത്. ആകെ വാർഡുകൾ 14ൽ നിന്നും 15 ആയി ഉയർന്നു.