sree-chitra

തിരുവനന്തപുരം : ത്രീ ഡി ബയോ പ്രിന്റിംഗിലൂടെ ശ്രീചിത്ര ഇൻസ്റ്റിറ്ര്യൂട്ട് വികസിപ്പിച്ച ജീവകോശങ്ങളുടെ ബയോ ഇങ്കിന് രാജ്യത്ത് ആദ്യത്തെ പേറ്റന്റ് ലഭിച്ചതായി ഗവേഷകരായ ഡോ.ഹരികൃഷ്ണ വർമ്മയും ഡോ.ജിക്കു ജോസ് കുര്യനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ശ്രീ ചിത്രയ്ക്ക് പേറ്റന്റ് ലഭിച്ചിട്ടുള്ള ഈ ഉത്പന്നം കൊച്ചി കിൻഫ്ര ഹൈടെക് പാർക്കിൽ പ്രവർത്തിക്കുന്ന സയർ സയൻസാണ് വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നത്. ശ്രീചിത്രയിലെ ഗവേഷകരായ പി.ആർ.അനിൽ കുമാറിന്റെയും ഷൈനി വേലായുധന്റെയും നേതൃത്വത്തിലാണ് ബയോ ഇങ്ക് വികസിപ്പിച്ചത്. രാസമാറ്റം വരുത്തിയ ജലാറ്റിനാണ് ബയോ ഇങ്കിലെ പ്രധാന ഘടകം.കരൾ പോലെ സങ്കീർണ പ്രവർത്തനങ്ങളുള്ള കലകൾ സൃഷ്ടിക്കാൻ ബയോ ഇങ്കിന് സാധിക്കുമെന്ന് ഗവേഷകർ പറഞ്ഞു. രോഗിയുടെ കോശങ്ങൾ വിവിധ മരുന്നുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നു മനസിലാക്കി പാർശ്വഫലങ്ങളില്ലാതെ വ്യക്തിഗത ചികിത്സകൾ പ്രാപ്തമാക്കാനാവും. അവയവങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത കോശങ്ങൾ ഉപയോഗിച്ച് പുതിയ അവയവങ്ങൾ കൃത്രിമമായി വികസിപ്പിക്കാനും ബയോ ഇങ്കിന് കഴിയും.