
വിഴിഞ്ഞം തുറമുഖ പദ്ധതി വിഭാവനം ചെയ്തപ്പോൾ വെറുമൊരു ചരക്കു കയറ്റിറക്കുമതി തുറമുഖമെന്ന നിലയ്ക്കല്ല അതിനെ കണ്ടിരുന്നത്. വലിയൊരു തുറമുഖം പ്രവർത്തിച്ചുതുടങ്ങുമ്പോൾ സമാന്തരമായി സംസ്ഥാനത്തിന് പല മേഖലകളിലും നേടിയെടുക്കാവുന്ന അഭൂതപൂർവമായ വികസനവും ആസൂത്രകരുടെ മനസിലുണ്ടായിരുന്നു. ഈ ലക്ഷ്യം നേടാനുള്ള ഉറച്ച തീരുമാനവുമായി സർക്കാർ മുന്നോട്ടുവന്നിരിക്കുന്നു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെടുത്തി പതിനായിരം ഏക്കർ ഭൂമി ഏറ്റെടുത്ത് തെക്കൻ കേരളത്തെ വലിയൊരു വ്യാവസായിക ഇടനാഴിയായി രൂപപ്പെടുത്താനുള്ള സമഗ്ര പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായാണ് വികസന ഇടനാഴി വരുന്നത്. വിഴിഞ്ഞത്തെ കൊല്ലവും പുനലൂരും നെടുമങ്ങാടുമായി ബന്ധിപ്പിച്ചുകൊണ്ട് വരാൻ പോകുന്ന 'വിഴിഞ്ഞം സാമ്പത്തിക ത്രികോണം" യാഥാർത്ഥ്യമാകുമ്പോൾ രാജ്യത്തുനിന്നും വിദേശത്തു നിന്നുമായി മൂന്നുലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
മൂന്നുവർഷം കൊണ്ട് പദ്ധതി പൂർത്തിയാകുമ്പോൾ 15 ലക്ഷം പേർക്കാണ് തൊഴിൽ ലഭിക്കുക. വിഴിഞ്ഞം മുതൽ ദേശീയ പാത- 66 വഴി കൊല്ലം വരെയും, നെടുമങ്ങാട്, പുനലൂർ വരെയും അനവധി പുതിയ വ്യവസായ സംരംഭങ്ങൾ പിറവിയെടുക്കും. പരമ്പരാഗത വ്യവസായങ്ങളുടെ വളർച്ച പരമാവധി പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാകും വ്യവസായ ഇടനാഴിയുടെ ഘടന. അതുപോലെ മത്സ്യബന്ധന മേഖലയ്ക്ക് കൂടുതൽ കരുത്തും ഊർജ്ജവും പ്രദാനം ചെയ്യുന്നതിനൊപ്പം മത്സ്യ സംസ്കരണ രംഗത്ത് നൂതന പാതകൾ വെട്ടിത്തുറക്കാനും ഉദ്ദേശ്യമുണ്ട്. വിഴിഞ്ഞം - കൊല്ലം ദേശീയപാത, കൊല്ലം - ചെങ്കോട്ട ഗ്രീൻഫീൽഡ് പാത, പുനലൂർ - നെടുമങ്ങാട് - വിഴിഞ്ഞം സംസ്ഥാന പാത എന്നീ മൂന്നു കേന്ദ്രങ്ങൾ കൂട്ടിയിണക്കുന്നതാകും നിർദ്ദിഷ്ട വിഴിഞ്ഞം വികസന ത്രികോണം. ഭൂമി ഏറ്റെടുക്കുന്നതിനും മറ്റുമുള്ള പ്രാരംഭ ചെലവുകൾക്കായി 'കിഫ്ബി"ക്ക് ആയിരം കോടി രൂപയും അനുവദിച്ചുകഴിഞ്ഞു.
പദ്ധതിയുടെ വൈപുല്യം വച്ചു നോക്കിയാൽ വലിയൊരു വെല്ലുവിളിയാകും 'കിഫ്ബി" ഏറ്റെടുക്കാൻ പോകുന്നത്. വ്യവസായശാലകൾക്കാവശ്യമായ പതിനായിരം ഏക്കർ ഭൂമി ഏറ്റെടുക്കലാകും ആദ്യത്തെ വെല്ലുവിളി. പ്രധാന വ്യവസായ ഇടനാഴിക്കു പുറമെ ഏഴ് ഉപ വികസന കേന്ദ്രങ്ങൾ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ പാതയിലുള്ള പള്ളിപ്പുറം, ആറ്റിങ്ങൽ, വർക്കല, കല്ലമ്പലം, നീണ്ടകര, കൊല്ലം, കുണ്ടറ, കൊട്ടാരക്കര എന്നിവിടങ്ങളിലേക്കു കൂടി നീളുന്നതാണ് സാമ്പത്തിക വികസന ഇടനാഴി. ഇവിടങ്ങളിലെല്ലാം നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് നിലവിലെ മാർഗം വെടിഞ്ഞ് ലാൻഡ് പൂളിംഗ് സമ്പ്രദായം ആശ്രയിക്കാൻ ആലോചനയുണ്ട്. ഒപ്പം ഭൂവുടമകളുമായി ചേർന്ന് വ്യവസായങ്ങൾക്കാവശ്യമായ ഭൂമി പരസ്പര സമ്മതത്തോടെ വിട്ടുകൊടുക്കുന്നതും പ്രോത്സാഹിപ്പിക്കും.
വ്യവസായ ഇടനാഴിയിൽ ലോജിസ്റ്റിക്സ്, വ്യവസായ പാർക്കുകൾ എന്നിവയ്ക്ക് മുന്തിയ സ്ഥാനം നൽകും. ആറ്റിങ്ങലും കഴക്കൂട്ടത്തും പുതിയ ഐ.ടി പാർക്കുകളാണ് ഉദ്ദേശിക്കുന്നത്. അദാനി കമ്പനി വിഴിഞ്ഞത്ത് ഹൈഡ്രജൻ പവർ പ്ളാന്റ് സ്ഥാപിക്കും. വ്യവസായശാലകൾക്കു പുറമെ മെഡിക്കൽ ടൂറിസം പദ്ധതികൾക്കും ഇടം നൽകും. വിഴിഞ്ഞം തുറമുഖം അടുത്ത മാസമോ അതിനടുത്ത മാസമോ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കാനിരിക്കുകയാണ്. വിഴിഞ്ഞം സാമ്പത്തിക ഇടനാഴി പദ്ധതി അതോടൊപ്പം പ്രാവർത്തികമാക്കാനുള്ള പ്രാരംഭ നടപടികൾ സമയം കളയാതെ ഏറ്റെടുക്കണം. ആസൂത്രണവും നിർവഹണവും സമയബന്ധിതമായി പൂർത്തിയാക്കിയാലേ പ്രതീക്ഷിക്കുന്ന സമയപരിധിക്കുള്ളിൽ പദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തുകയുള്ളൂ. വളരാൻ സംസ്ഥാനത്തിനു ലഭിക്കുന്ന സുവർണാവസരമാണിത്. ഈ അവസരം പാഴാക്കാതിരിക്കാനുള്ള വിവേകം എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണം. ജനങ്ങളും പരമാവധി പിന്തുണയുമായി സർക്കാരിനൊപ്പം നിൽക്കണം.