
'അത് ഞാനല്ല, എന്റെ ഗർഭം ഇങ്ങനല്ല" 1993-ൽ രാജസേനന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മേലേപറമ്പിൽ ആൺവീട്" എന്ന ഹിറ്ര് സിനിമയിൽ അനശ്വര നടൻ ജഗതി ശ്രീകുമാർ പറയുന്ന ഈ സംഭാഷണം കുറച്ചുകാലമൊന്നുമല്ല കേരളത്തെ ചിരിപ്പിച്ചത്. അതിനുശേഷം മലയാളികൾ മനസറിഞ്ഞ് ചിരിക്കുന്നത് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും വീരശൂര പരാക്രമിയും സമാനകാലേ ശുദ്ധപാവവുമായ ഇ.പി. ജയരാജന്റെ നിലവിളി കേട്ടാണ്. 'അത് ഞാനല്ല, എന്റെ ആത്മകഥ ഇങ്ങനല്ല". വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടന്ന നവംബർ 13നാണ് ജയരാജൻ ഇത്തരത്തിൽ നിലവിളിക്കേണ്ടി വന്നത്. 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം" എന്ന തലക്കെട്ടിൽ ഇ.പി. ജയരാജന്റെ പേരിൽ പുറത്തിറങ്ങാൻ പോകുന്ന ആത്മകഥയിലേത് എന്ന പേരിൽ ഒരു ആംഗലേയ ഭാഷാ പത്രത്തിൽ വന്ന വാർത്തയാണ് ജയരാജന്റെ നിർവ്യാജമായ നിലവിളിക്ക് ഹേതുവായത്. ഇടിവെട്ടി നിൽക്കുന്നവന്റെ തലയിൽ പാമ്പുകൊത്തുന്ന കാലമാണല്ലോ. പുസ്തക പ്രസാധനത്തെ പതിറ്റാണ്ടുകളായി കാവ്യാത്മകമാക്കിക്കൊണ്ടിരിക്കുന്ന, ഏതു ഘട്ടത്തിലും പുസ്തക പ്രകാശനത്തിന് സാദ്ധ്യതയുണ്ടെന്ന് ലോകത്ത് ആദ്യമായി കണ്ടെത്തിയ കോട്ടയത്തെ വൻകിട പ്രസാധകശാലയാണ് സാക്ഷാൽ ഇ.പി എന്ന ദ്വന്ദാക്ഷരിയുടെ കാതലുള്ള പുസ്തകം ഇറക്കുന്നതെന്നു കൂടി വാർത്തയിൽ വിവരിച്ചു. കൂട്ടത്തിൽ രണ്ടാം പിണറായി സർക്കാർ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തതാണെന്നും പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.പി. സരിൻ അത്ര കേമനല്ലെന്നും ആത്മകഥയുടെ ചില അദ്ധ്യായങ്ങളിൽ എഴുതിപ്പിടിപ്പിച്ചിട്ടുണ്ടെന്നും കൂടി വെളിപ്പെട്ടതോടെ മണിക്കൂറുകൾക്കുള്ളിൽ ഇ.പിയുടെ പ്രസിദ്ധീകരിക്കപ്പെടാത്ത ജീവചരിത്രം വൻ ഹിറ്റായി. പക്ഷെ പാർട്ടിക്കും സർക്കാരിനും ഇത്തരം കാര്യങ്ങൾ പുറത്തുവന്നത് അത്ര തൃപ്തികരവുമായില്ല. മാത്രമല്ല, പുറത്തുകാണുന്നത് ഇത്രത്തോളമാണെങ്കിൽ പുനത്തിലായത് എത്രത്തോളമാവുമെന്ന ആശങ്കയും ചിലർക്കെങ്കിലുമുണ്ടായി. പരുവക്കേട് മനസിലായപ്പോഴാണ് നിലവിളിയുമായി ഇ.പി. രംഗത്തെത്തിയത്. താൻ ആത്മകഥയെഴുതാൻ തുടങ്ങിയത് സത്യമാണെങ്കിലും അത് പൂർത്തിയാക്കിയിട്ടില്ലെന്നും കോട്ടയം പ്രസാധകരുമായി ഒരുവിധ ധാരണയുമായിട്ടില്ലെന്നും അദ്ദേഹം കളരിപരമ്പര ദൈവങ്ങളെ സാക്ഷിയാക്കി വിശദീകരിച്ചു. എങ്കിലും പ്രകാശ് ജാവ്ദേക്കർ മനഃപൂർവ്വം സൃഷ്ടിച്ച കൂടിക്കാഴ്ച തനിക്കുണ്ടാക്കിയ ക്ഷീണവും താൻ മനസാ വാചാ അറിയാത്ത, വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ടുയർന്ന ആക്ഷേപങ്ങളുടെയുമൊക്കെ വിശദാംശങ്ങളും തനിക്ക് പറയാനുള്ള കാര്യങ്ങളും വെളിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്ന കാര്യവും അദ്ദേഹത്തിന്റെ നിഷ്കളങ്ക മനസ് തുറന്നു സമ്മതിച്ചു. പക്ഷെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ നിലപാട് കുറച്ചുകൂടി കർക്കശമായി. ആത്മകഥാ വിവാദത്തിന്റെ മറവിൽ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
പാർട്ടി സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കാതിരുന്നതിന് പിന്നാലെ ഇടതുപപക്ഷ ജനാധിപത്യ മുന്നണി കൺവീനർ സ്ഥാനത്തു നിന്ന് മാറ്റുകകൂടി ചെയ്തതോടെ പാർട്ടിയുമായി അകൽച്ചയിലായിരുന്ന ജയരാജൻ, വലിയൊരു ഇടവേളയ്ക്ക് ശേഷം പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തന്റെ മനസിലെ സങ്കടകടൽ തുറന്നുകാട്ടിയത്. ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കാര്യങ്ങൾ വിശദമായി അന്വേഷിച്ചാൽ വിവാദത്തിന് പിന്നിലെ വിശദാംശങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം പാർട്ടിയെ അറിയിച്ചു. ജയരാജനെ അവിശ്വസിക്കേണ്ടതില്ലെന്ന് കേരളത്തിലെ പാർട്ടിയുടെ നാഥനായ അപ്പക്കച്ചവട സ്പെഷ്യലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തലും വന്നു. എഴുതിയ ഭാഗങ്ങൾ പരിശോധിക്കാൻ പാർട്ടി മുഖപത്രത്തിലെ ഒരാളെയാണ് ചുമതലപ്പെടുത്തിയതെന്ന വിവരം പുറത്തുവന്നതോടെയാണ് ആത്മകഥ വിവാദത്തിൽ ട്വിസ്റ്റോടെ ട്വിസ്റ്റ്.
ആത്മകഥ
ആരുടെ കഥ?
2012 ലെ നെയ്യാറ്റിൻകര ഉപതരിഞ്ഞെടുപ്പ് സമയത്ത് കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ വീട്ടിലെത്തി കെ.കെ.രമയെ വി.എസ്.അച്യുതാനന്ദൻ സന്ദർശിച്ചപ്പോൾ കിട്ടിയ അടിയുടെ ചൂടുപോലെയായി ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസത്തെ ആത്മകഥാ വാർത്താവിവാദവും. ആത്മകഥ പ്രസിദ്ധപ്പെടുത്താൻ ആരുമായും താൻ കരാർ ഉണ്ടാക്കിയിട്ടില്ലെന്ന് ഇ.പി വിശദമാക്കുമ്പോഴും അത്തരത്തിൽ ധാരണയുണ്ടായിരുന്നതായാണ് പ്രസാധക ശാലയിലെ ചില ജീവനക്കാരുടെ വെളിപ്പെടുത്തൽ. ഇതോടെയാണ് എവിടൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്ന തോന്നൽ. ഇ.പി കടലാസിൽ കോറിയിടാൻ വേണ്ടി സൂക്ഷിച്ചിരുന്ന മനോഗതങ്ങൾ അടിച്ചുമാറ്റി പുറത്തു വിട്ടതാരാണ്?, ഇതുകൊണ്ട് ആർക്കാണ് നേട്ടം? വലിയ ശരീരവും തീരെ ദുർബ്ബലമനസുമുള്ള ഇ.പി ഒരു പരിപ്പുവട കഴിച്ച്, കട്ടൻചായയും കുടിക്കുന്നതിൽ ആർക്കാണ് ഇത്ര അസ്വസ്ഥത.
ഈ ആത്മകഥ പൂർണ്ണരൂപത്തിൽ പുറത്തുവരരുതെന്ന് ആരൊക്കെയോ ആഗ്രഹിക്കുന്നു. കാരണം എന്തെല്ലാമാവും അതിൽ എഴുതിപ്പിടിപ്പിക്കാൻ സാദ്ധ്യതയുള്ളതെന്ന് കാലേകൂട്ടി ഗണിക്കാൻ ആവശ്യത്തിലധികം പാണ്ഡിത്യമുള്ള ജ്യോത്സ്യന്മാർക്ക് സി.പി.എമ്മിൽ വംശനാശവും വന്നിട്ടില്ലല്ലോ. അപ്പോൾ അത് വെളിച്ചം കാണാതിരിക്കാനുള്ള തടകെട്ടലാണോ ഈ വിവാദം എന്ന് ന്യായമായും സംശയിക്കേണ്ടിവരും. ഇത്രയുമൊക്കെ കോളിളക്കമുണ്ടാക്കിയ സ്ഥിതിക്ക് ഇനി താൻ കാലേകൂട്ടി ഉദ്ദേശിച്ച വിധത്തിൽ പൊടിപ്പും തൊങ്ങലും പ്രോട്ടീൻ കൂട്ടിച്ചേർക്കലുകളുമൊക്കെയുള്ള ലക്ഷണയുക്തമായ ഒരു ആത്മകഥ പ്രസിദ്ധീകരിക്കാൻ ഇ.പിക്ക് സാധിക്കുമോ എന്നത് സംശയമാണ്. കാരണം ഇ.പിയുടെ അനന്യ സാധാരണമായ രചനാപാടവത്തിന് മേൽ പാർട്ടിയുടെ ഒരു വട്ടെഴുത്തുകൂടി ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഉണ്ടാവുമല്ലോ. അല്ലെങ്കിൽ ഇ.പി തന്റെ രാഷ്ട്രീയ സഞ്ചാരപാതയിൽ മാറ്റം വരുത്തേണ്ടിവരും.
തന്റെ ദർശനവും ആത്മസംഘർഷങ്ങളും പരിത്യാഗങ്ങളും ചിറ്റപ്പ സ്നേഹത്തിന്റെ പേരിലും ശപിക്കപ്പെട്ട സാന്റിയാഗോ മാർട്ടിന്റെ പേരിലും കേട്ട പേരുദോഷവും ഇൻഡിഗോ എന്ന 'സാമാന്യമര്യാദയില്ലാത്ത" വിമാനക്കമ്പനിയുടെ വിമാനത്തിൽ രണ്ടംഗ കോൺഗ്രസ് സംഘത്തിന്റെ ഭീകര കൊലപാതകശ്രമത്തിൽ നിന്ന് കേരളത്തിന്റെ മുത്തായ മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവൻ രക്ഷിച്ചതിന് കേട്ട പരിഹാസങ്ങളുമൊക്കെ ഇനി ഇ.പി എവിടെ കോറിയിടും. രാഷ്ട്രീയ ഭാവിക്ക് മേൽ കരിനിഴൽ വീഴ്ത്തിയതിന് പിന്നാലെ തന്റെ സർഗാത്മക കഴിവുകളുടെയും രചനാ സൗകുമാര്യത്തിന്റെയും കടയ്ക്കൽ കത്തിവയ്ക്കാൻ കൂടിയാണ് പ്രതിയോഗികളുടെ ഉദ്ദേശമെന്ന് അദ്ദേഹം തിരിച്ചറിയുന്നു. അരിവാളിനും ചുറ്റികയ്ക്കും പകരം കൈയ്യിൽ വലിയൊരു ചോദ്യചിഹ്നവും കരുതി ഇ.പി ഇനി ഇറങ്ങാൻ പോവുകയാണ്, ജനങ്ങളുടെ മനസിലേക്ക്, കാരണം ജനജീവിതത്തിന്റെ സ്പന്ദനമില്ലാതെ ഇ.പിക്ക് ഒരടി മുന്നോട്ടു പോകാനാവില്ല.
ഇതുകൂടി കേൾക്കണേ
ഏതെല്ലാം മേഖലകളിലുള്ള ആരെല്ലാം ആത്മകഥയെഴുതുന്നു, ആർക്കും ഒരു വിഷയവുമില്ല. പാവം ഇ.പി അതിനൊരു ശ്രമം നടത്തിയപ്പോഴാണ് ആകെ പുകിൽ. എല്ലാം മുകളിലിരുന്ന് ഒരാൾ കാണുന്നുണ്ട്.