
നഖം കടിച്ച് നാണം നടിച്ച്, പെരുവിരൽ കൊണ്ട് ആവുന്നതൊക്കെ എഴുതിക്കൊണ്ട് പ്രസാധകനു മുന്നിൽ ഗ്രന്ഥകാരി ഇംഗിതം പ്രകാശിപ്പിച്ചു: 'ആത്മകഥയുണ്ടോ, ഒരെണ്ണം എടുക്കാൻ?"
'ഏത് ഇനം വേണം? സിനിമ, രാഷ്ട്രീയം, ലൈംഗിക തൊഴിലാളി, പെരുംകള്ളൻ, കൊലപാതകി, റിട്ട. ഐ.എ.എസ്...?"
'ഇതിലൊന്നും പെടാത്ത ഒന്ന്..."
'അതിന് നിർമ്മാണച്ചെലവ് കൂടും... "
'സ്വന്തമായി പുറത്തു കാണിക്കാവുന്ന ഒരാത്മകഥയില്ല. എന്നാൽ കുരുത്തക്കേടുകൾ ഏറെ അകത്തളങ്ങളിൽ മയങ്ങുന്നുണ്ടുതാനും...."
'എങ്കിൽ അതിനെ തട്ടിയുണർത്തി ഉപ്പും മുളകും മസാലയും തേച്ച് ഉടലോടെ പൊരിച്ചെടുക്കാം..."
ഉള്ളതു പറഞ്ഞുപോകുന്ന ആത്മകഥകളുടെ കാലം കഴിഞ്ഞു. കലർപ്പാണ് പ്രധാനം. ചേരുവകളാണ് രുചിപ്പെരുമയുണ്ടാക്കുന്നത്! രാഷ്ട്രീയ നേതാവാണെങ്കിൽ കാര്യം എളുപ്പമാണ്. തിരഞ്ഞെടുപ്പിന്റെ തലേന്നാളത്തെ അത്താഴ ഊട്ടിനു വിളമ്പാം. വിവാദം കൊഴുത്താൽ കച്ചവടം തെഴുക്കും. അവാർഡ് നിഷേധിക്കും പോലെ, ഇതൊന്നും തന്റെ കഥയല്ലെന്ന് ഗ്രന്ഥകർത്രി തന്നെ പറഞ്ഞാൽ രക്ഷപ്പെട്ടു. അതൊന്നറിഞ്ഞിട്ടു തന്നെ കാര്യമെന്ന് വായനക്കാരും വാശിപിടിക്കും."
എല്ലാം കേട്ട് ഗ്രന്ഥകാരി രോമാഞ്ചഭരിതയായി പ്രഖ്യാപിച്ചു: 'ഉള്ളതും ഇല്ലാത്തതും ചേരുംപടി ചേർത്ത് കൊണ്ടുവരാം. ബാക്കിയെല്ലാം പ്രസാധക കരകൗശലം പോലെ."
ഒരു ആത്മകഥയുടെ അങ്ങാടി വാണിഭം പിറവിയെടുക്കുകയായിരുന്നു!