hi

കല്ലറ: കാരേറ്റ്- കല്ലറ റോഡിലെ വൻ കുഴികൾ താത്കാലികമായി അടച്ചു. സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ പൊൻമുടിയിലേക്കു പോകുന്നതും,അഞ്ച് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 15 കിലോമീറ്ററോളം വരുന്ന റോഡ് കുഴികൾ നിറഞ്ഞു യാത്ര ദുരിതമായിരുന്നു. ദിനം പ്രതി അപകടങ്ങളും പതിവായിരുന്നു. കൊടും വളവും ഒപ്പം ഭീമൻ കുഴികളുമുള്ള റോഡിൽ അപകടങ്ങൾ ഉണ്ടാകാത്ത ഒറ്റദിവസം പോലുമില്ല. കുഴിയിൽവീഴുന്നവരുടെ നടുവും ഉളുക്കും. നാളുകൾ ഏറെയായുള്ള ദുരിതത്തിനാണ് ഇപ്പോൾ താത്കാലിക ശമനം ലഭിച്ചിരിക്കുന്നത്.

 ഏറ്റെടുക്കാതെ ടെൻഡർ

കാരേറ്റ് മുതൽ പാലോട് വരെയുള്ള 21 കിലോമീറ്ററിൽ 15.55 കിലോമീറ്റർ ഭാഗം ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2017 ൽ 31.7 കോടി രൂപയുടെ സാമ്പത്തികാനുമതി നൽകിയിരുന്നു. കരാറുകാരൻ നിർമ്മാണം ആരംഭിച്ചെങ്കിലും പ്രവൃത്തി പൂർത്തിയായില്ല. ഈ സർക്കാർ അധികാരമേറ്റശേഷം നടത്തിയ പ്രവൃത്തി അവലോകനയോഗങ്ങളിൽ പദ്ധതി പ്രത്യേകമായി പരിശോധിച്ചു. പ്രതീക്ഷിച്ച പുരോഗതി ഇല്ലാത്തതിനാൽ കരാറുകാരനെ ടെർമിനേറ്റ് ചെയ്തു. തുടർന്ന് ശേഷിക്കുന്ന പ്രവൃത്തി ടെൻഡർ ചെയ്തെങ്കിലും ആരുംവന്നില്ല.

 കാത്തിരിപ്പിന് വിരാമം

റോഡ് പ്രവൃത്തി പുനരാരംഭിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് പ്രത്യേകയോഗം വിളിക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും യോഗം ചേർന്ന് റോഡിന്റെ അവശേഷിക്കുന്ന വർക്കുകൾക്കായി 14 .58 രൂപയുടെ എസ്റ്റിമേറ്റ് നൽകുകയും ചെയ്തു. എന്നാൽ ഇത് കാലതാമസമെടുക്കുമെന്നതിനാൽ നിലവിലുള്ള അടിയന്തര റിപ്പയർ പാച്ചുവർക്കുകൾ നടത്തുന്നതിനായി ജൂലായിൽ മുപ്പത് ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ പണി ആരംഭിക്കാതിരിക്കുകയും അപകടങ്ങൾ പതിവായപ്പോൾ കഴിഞ്ഞ മാസം 10 ന് കേരള കൗമുദി വാർത്തയും നൽകി. തുടർന്ന് പണി ആരംഭിക്കുകയായിരുന്നു.