
വിഴിഞ്ഞം: മാലിന്യമുക്തം നവകേരളം ക്യാമ്പെയിന്റെ ഭാഗമായി ജില്ലയിലെ പ്രധാന 18 കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളും ഹരിത സ്റ്റേഷനാക്കുന്ന പദ്ധതിയിൽ വിഴിഞ്ഞം ബസ് സ്റ്റാൻഡും ഉൾപ്പെടുന്നു. ആദ്യഘട്ടത്തിൽ പ്രധാന സ്റ്റേഷനുകളായ തിരുവനന്തപുരം സെൻട്രലും കാട്ടാക്കടയുമാണ് നവീകരിച്ച് ഹരിത സ്റ്റേഷനാക്കുന്നത്. വിഴിഞ്ഞം കെ.എസ്.ആർ.ടി.സിയുടെ ദുരവസ്ഥയെക്കുറിച്ച് കഴിഞ്ഞ മാസം 8ന് വികസനം കാത്ത് കെ.എസ്.ആർ.ടി.സി എന്ന പേരിൽ കേരളകൗമുദി വാർത്ത നൽകിയിരുന്നു.
ബസ് സ്റ്റേഷനുകളിൽ മാലിന്യ സംസ്കരണ പ്ലാന്റ്
ഖര-ദ്രവ മാലിന്യ സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്ലാന്റുകൾ സ്ഥാപിക്കുകയും ബോധവത്കരണം നൽകുകയും ചെയ്യും.ഗ്യാരേജുകളിൽ ഓയിൽ വേസ്റ്റിനുള്ള ഇ.ടി.പി പ്ലാന്റുകൾ,വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകൾ,വ്യാപാര സ്ഥാപനങ്ങളിൽ ബിന്നുകൾ,മാലിന്യം ശേഖരിക്കുന്നതിനായി പ്രത്യേക ഇടങ്ങൾ എന്നിവ സജ്ജമാക്കും. ശേഖരിക്കുന്ന മാലിന്യം ഹരിതകർമ്മ സേനയ്ക്ക് കൈമാറും.തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക.
നിലവിൽ ദുരവസ്ഥ...
വികസനം കാത്ത് വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ഡിപ്പോ. ജീവനക്കാരുടെ ഓഫീസ് മന്ദിരം ഏതു സമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ഡിപ്പോയിലെ ബസ് പാർക്ക് ചെയ്യുന്ന സ്ഥലവും മെക്കാനിക്കുകൾ പണി ചെയ്യുന്ന സ്ഥലവും ടാറിളകി പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി ചെളിവെള്ളം കെട്ടിനിൽക്കുകയാണ്.വെയിറ്റിംഗ് ഷെഡിന്റെയും വനിതകൾക്കായുള്ള വിശ്രമമുറിയുടെയും അവസ്ഥയും പരിതാപകരമാണ്.കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പ്രാഥമിക സൗകര്യങ്ങൾ നടത്താനുള്ള സൗകര്യവും ഡിപ്പോയിലില്ല.
അരനൂറ്റാണ്ടോളം പഴക്കം
രാത്രിയായാൽ ആവശ്യത്തിന് വെളിച്ചംപോലുമില്ലാതെ ഗ്യാരേജ് ഇരുട്ടിലാണ്. സീസൺ സമയത്ത് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ വന്നുപോകുന്ന സ്ഥലമാണിത്. ഡിപ്പോയിലുള്ള കുടിവെള്ളക്ഷാമം പരിഹരിക്കാൻ കിണർ കുഴിക്കുന്നതിന് ഭൂതലജല വകുപ്പിന് പണം അടച്ചെങ്കിലും അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല. അരനൂറ്റാണ്ടോളം പഴക്കമുള്ള ഡിപ്പോയാണ് ഹരിത
സ്റ്റേഷനായി നവീകരിക്കുന്നത്.