a

തിരുവനന്തപുരം: തങ്ങളുടെ സ്വാധീന മേഖലകൾ പരിമിതപ്പെടുത്തി സി.പി.എമ്മിന് അനുകൂലമായി തദ്ദേശ വാർഡ് വിഭജനം നടത്തിയെന്ന് കോൺഗ്രസും ബി.ജെ.പിയും. കരട് വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെ വാർഡ് വിഭജനത്തിനെതിരെ ഹൈക്കോടതിയിൽ കേസ് വന്നതിലുള്ള ആശങ്കയിൽ സി.പി.എമ്മും.

വാർഡ് വിഭജനത്തിൽ പലയിടത്തും അതിർത്തികൾ മാറിമറിഞ്ഞത് അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വിജയസാദ്ധ്യതയെ ബാധിക്കുമെന്ന ആശങ്കയാണ് കോൺഗ്രസും ബി.ജെ.പിയും പങ്കുവയ്ക്കുന്നത്. ഉദ്യോഗസ്ഥർ ഫീൽഡിൽ പോകാതെ സി.പി.എം നൽകിയ ലിസ്റ്റ് പ്രകാരമാണ് വിഭജനം നടത്തിയതെന്നും ആരോപിക്കുന്നു.

കരട് വിജ്ഞാപനത്തിന്മേൽ ഡിസംബർ മൂന്നുവരെ ആക്ഷേപങ്ങൾ സമർപ്പിക്കാം. അപാകതകൾ ചൂണ്ടിക്കാട്ടി പരാതി സമർപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസും ബി.ജെ.പിയും. 28ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ജനസംഖ്യയുടെ തുല്യമായ വീതംവയ്പിലൂടെ വാർഡ് വിഭജിക്കണമെന്ന ഭരണഘടനയുടെ 243 സി വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ അനുകൂല സംഘടനയായ കേരള എൽ.എസ്.ജി എംപ്ലോയീസ് ഫെഡറേഷനാണ് കോടതിയെ സമീപിച്ചത്.

പഞ്ചായത്തുകളുടെ എണ്ണം കൂട്ടുന്നതിനു പകരം വാർഡുകൾ മാത്രം വിഭജിക്കുന്നത് ഭരണഘടനാ നിർദ്ദേശം പാലിക്കുന്നതിന് പര്യാപ്തമല്ലെന്നാണ് സംഘടനയുടെ വാദം. ഇത് പരിഹരിക്കാനാണ് കോടതി നിർദ്ദേശമെങ്കിൽ വാർഡ് വിഭജനം പ്രതിസന്ധിയിലാകും. അങ്ങനെയെങ്കിൽ അത് തിരിച്ചടിയാകുമെന്നാണ് സി.പി.എം ആശങ്ക.

വിജയ സാദ്ധ്യതയെ

ബാധിക്കുമെന്ന്

തങ്ങളുടെ സ്വാധീന മേഖലകളെ ബാധിക്കും വിധമാണ് വാർഡ് വിഭജനം നടത്തിയതെന്നാണ് ബി.ജെ.പിയുടെ പരാതി. നിലവിൽ തങ്ങൾക്ക് ഭൂരിപക്ഷമുള്ള വാർഡുകളിൽ തൊട്ടടുത്തെ സ്വാധീനമുള്ള വാർഡിലെ ഭാഗം കൂടി ചേർത്ത് വിഭജനം നടത്തിയതോടെ ആ വാർഡിലെ ജയസാദ്ധ്യതയെ ബാധിക്കുമെന്നാണ് ബി.ജെ.പി പറയുന്നത്. സി.പി.എം തന്നിഷ്ടപ്രകാരമാണ് വിഭജനം നടത്തിയതെന്നും കുറ്റപ്പെടുത്തുന്നു.

തങ്ങളുടെ സ്വാധീന മേഖലകൾ വിഭജിച്ച് ചിതറിപ്പിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം. സി.പി.എമ്മിനും ബി.ജെ.പിക്കും അനുകൂലമായാണ് വാർഡ് വിഭജനം നടത്തിയിരിക്കുന്നതെന്നും ആരോപിക്കുന്നു. കോൺഗ്രസിനും ലീഗിനും സീറ്റു കുറയ്ക്കണമെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നും അവർ സംശയിക്കുന്നു.