
മലയിൻകീഴ്: ജനവാസമേഖലകളിൽ കാട്ടുപന്നിയിറങ്ങിയത് ജനങ്ങളിൽ ഭീതി പരത്തുന്നു.കരിപ്പൂര്,അരുവിപ്പാറ,മഞ്ചാടി ഭാഗങ്ങളിലാണ് കാട്ടുപന്നിയെ കണ്ടെത്തിയത്.ചൊവ്വാഴ്ച രാത്രി മഞ്ചാടി മഹവിഷ്ണു ക്ഷേത്രത്തിന് സമീപത്തുള്ള ശ്യാംകുമാറിന്റെ വീട്ടിലെ സി.സി ടിവി ദൃശ്യങ്ങളിലാണ് കാട്ടുപന്നിയെ ആദ്യം കണ്ടത്.മഞ്ചാടി വാർഡ് അംഗം സിന്ധുകുമാരിയുടെ വീടിന് സമീപത്തും തോറ്റയുള്ള പന്നിയെ കണ്ടെത്തിയിരുന്നു.കോലിയക്കോട് ഗോപകുമാറിന്റെ വീടിന് മുന്നിലും വെള്ളിക്കോട് രതീഷിന്റെ വീടിന് മുന്നിലും കാട്ടുപന്നിയെ കണ്ടു.
വിഷ്ണുപുരം,അരുവിപ്പാറ ഭാഗങ്ങളിൽ നിരവധിപേർ രാത്രിയും പുലർച്ചെയും കാട്ടുപന്നിയെ കണ്ടിരുന്നതായി പറയുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി ഈ പ്രദേശങ്ങളിൽ രാത്രി സമയത്ത് നായ്ക്കളുടെ ഓരിയിടൽ രൂക്ഷമായതോടെയാണ് പ്രദേശവാസികൾ ശ്രദ്ധിച്ച് തുടങ്ങിയത്.മഞ്ചാടി ഭാരത് ഗ്യാസ് ഗോഡൗണിന് സമീപത്തെ റബർത്തോട്ടത്തിലും രണ്ട് പന്നികളെ സമീപവാസികൾ കണ്ടിരുന്നു.വീടുകൾക്ക് മുന്നിലൂടെ പോകുന്ന പന്നികൾ ഗേറ്റിലും വാഹനങ്ങളിലും വന്ന് ഇടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.കുരച്ചെത്തുന്ന നായ്ക്കൾ പന്നിയെ കണ്ട് ഓടി മറയുന്നതും സി.സി ടിവി ദൃശ്യത്തിലുണ്ട്.