കഴക്കൂട്ടം: വിപണിയിൽ കോടികൾ വിലമതിക്കുന്ന 17 കിലോഗ്രാം വരുന്ന ആംബർ ഗ്രീസ് (തിമിംഗല ഛർദ്ദി) ഉൾക്കടലിൽ നിന്ന് മത്സ്യത്തൊഴിലാളികൾ കണ്ടെടുത്തു.ഇത് വനംവകുപ്പിന്റെ പാലോട് ഓഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥർക്ക് കൈമാറി.

ചൊവ്വാഴ്ച രാത്രിയോടെ മത്സ്യബന്ധനത്തിന് 13 വള്ളങ്ങളിലായി പോയ മര്യനാട് മത്സ്യ വികസന ക്ഷേമ സംഘമായ സെന്റ് ജോസഫ് ഗ്രൂപ്പിലെ 60 മത്സ്യത്തൊഴിലാളികൾക്കാണ് ആംബർ ഗ്രീസ് കിട്ടിയത്.കരയിൽ നിന്ന് 150 കിലോമീറ്ററോളം ഉൾക്കടലിൽ ആംബർ ഗ്രീസ് ഒഴുകി നടക്കുന്നത് ‌കണ്ട മത്സ്യത്തൊഴിലാളികൾ അത് ബോട്ടിലാക്കുകയായിരുന്നു. തുടർന്ന് മത്സ്യം പിടിക്കാതെ തന്നെ കരയിലെത്തി തീരദേശ പൊലീസിലും, വനം വകുപ്പിലും കഠിനംകുളം പൊലീസിലും വിവരമറിയിച്ചു. പാലോട് റെയ്ഞ്ചിൽ നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കിട്ടിയത് ആംബർ ഗ്രീസ് ആണെന്ന് സ്ഥിരീകരിച്ചു. ഗുണനിലവാരം പരിശോധിച്ചശേഷമേ വില നിശ്ചയിക്കാൻ സാധിക്കൂവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.