തിരുവനന്തപുരം: സൂപ്പർ പവർ ആകുന്നത് ആയുധപ്പുരകളുടെ വലിപ്പത്തിലല്ല,മറിച്ച് മനസ്സാക്ഷിയുടെ വലിപ്പത്തിലാണ് സൂപ്പർ പവർ ഉണ്ടാകുന്നതെന്നും ബന്ധങ്ങളുടെ പുനഃപ്രതിഷ്ഠ അത്യാവശ്യമെന്നും മലങ്കര കത്തോലിക്ക സഭ മേധാവി മേജർ ആർച്ച്ബിഷപ്പ് ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു. കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ-ഓപ്പറേഷൻ (സി.സി.സി) തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുമിച്ച് ജീവിച്ച് വളരേണ്ടതിന് പകരം ഒറ്റയ്ക്ക് വളരാൻ ശ്രമിക്കുന്നതാണ് സമൂഹത്തിൽ ഇന്ന് കാണുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം. വിഭജിച്ച് നിൽക്കാനല്ല, ഒരുമിച്ച് നിൽക്കാനുള്ള ശക്തി നേടി കെൽപ്പുള്ള അടയാളമായിട്ട് നമുക്ക് ഉയരാൻ സാധിക്കണമെന്നും കത്തോലിക്ക ബാവ ഓർമ്മപ്പെടുത്തി. രണ്ട് സമൂഹങ്ങൾ തമ്മിലെ വിദ്വേഷത്തെ ദുരുപയോഗം ചെയ്യാൻ ആരും ശ്രമിക്കരുത്. വിദ്വേഷത്തിന് പകരം അക്രമമോ,പഴിചാരി മാറിനിൽക്കുകയോ അല്ല വേണ്ടത്,മറിച്ച് ഡയലോഗിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുകയാണ് വേണ്ടത് എന്ന് ചടങ്ങിൽ ”മാനവ സൗഹൃദ സംഗമങ്ങളുടെ ദേശീയതല ഉദ്ഘാടനം’ നിർവ്വഹിച്ചുകൊണ്ട് പാണക്കാട് സെയ്യദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

മുനമ്പത്തെ ജനങ്ങളെ ഇറക്കിവിടാനാവില്ല. ഇനി നിയമപരമായി കാര്യങ്ങൾ ചെയ്യേണ്ട കടമ സർക്കാരിനാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. നന്മയുടെ വസന്തത്തെ വരവേൽക്കാൻ ഈ സമൂഹത്തിന് കഴിയട്ടെയെന്ന് സ്വാമി അശ്വതിതിരുനാൾ അഭിപ്രായപ്പെട്ടു. സി.സി.സി ചെയർമാൻ ഡോ. ഗൾഫാർ പി.മുഹമ്മദാലി ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. സി.സി.സി മുഖ്യ രക്ഷാധികാരി ഡോ.പുനലൂർ സോമരാജൻ, ശിവഗിരി മഠം ട്രസ്റ്റ് മെമ്പർ സ്വാമി വീരേശ്വരാനന്ദ,പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി,വികാരി ജനറൽ ഫാദർ യൂജിൻ പെരേര,സി.സി.സി സംസ്ഥാന ജനറൽസെക്രട്ടറി പി. രാമചന്ദ്രൻ (വേണു), സംസ്ഥാന ട്രഷറർ ഫാദർ.ആന്റണി വടക്കേക്കര, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാദർ ജേക്കബ് ജി പാലയ്ക്കാപ്പള്ളി, കോട്ടയ്ക്കൽ എൽ.എ ആബിദ് ഹുസൈൻ തങ്ങൾ, ലൂഥറൻ ചർച്ച് പ്രതിനിധി ബിഷപ്പ് റോമിസൺ, എം.എസ്. ഫൈസൽ ഖാൻ, ഹുസൈൻ മടവൂർ,അഡ്വ.മുഹമ്മദ് ഷാ,സി.എച്ച്.അബ്ദുൽറഹീം,ഡോ.പി.നസീർ,ഫാദർ.തോമസ്കയ്യാലക്കൽ,ഡോ.കായംകുളം യൂനസ് ,Ln. എം. അബ്ദുൾ വഹാബ്,സാജൻ വേളൂർ, ഡോ.പി.ജയദേവൻ നായർ,ഡോ.വിൻസെന്റ് ഡാനിയേൽ, സി.സി.സി ചാപ്റ്റർ പ്രസിഡന്റ് എം.എം. സഫർ,ചാപ്റ്റർ ജനറൽ സെക്രട്ടറി മണക്കാട് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സി.സി.സിയുടെ തീം സോംഗിന്റെ സി.ഡി കാതോലിക്കാ ബാവ പാളയം ഇമാം വി.പി.സുഹൈബ് മൗലവിക്ക് നൽകി പ്രകാശനം ചെയ്തു.

Add reaction