തിരുവനന്തപുരം: പട്ടിണിയിൽ നിന്നും അടിമത്തത്തിൽ നിന്നും ജീവിതത്തിലേക്കുള്ള പ്രയാണത്തിന്റെ കഥയൊരുക്കിയ 'കമ്മ്യൂണിസവും സുവിശേഷവും" എന്ന നാടകം സൂര്യ ഫെസ്റ്റിവലിൽ അവതരിപ്പിച്ചു. സൂര്യ കൃഷ്ണമൂർത്തി രചിച്ച 'നുറുങ്ങുവെട്ടം" എന്ന കഥാസമാഹാരത്തിലെ 'കമ്മ്യൂണിസവും സുവിശേഷവും" എന്ന കഥയെ ആസ്പദമാക്കിയാണ് നാടകം. സുരേഷ് ബാബു ശ്രേഷ്ഠ രചനയും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ചിരിക്കുന്നു.

പത്രപ്രവർത്തകനായ വേലപ്പൻ ബീഹാറിലെ സന്താൾ വിഭാഗക്കാരുടെ പട്ടിണിയും പീ‌ഡനവും വാർത്തയാക്കുന്നതിനായി എത്തുകയും അവിടെവച്ച് കണ്ടുമുട്ടുന്ന സിസ്റ്റർ റോസമ്മയ്ക്ക് ദുരിതങ്ങളിൽ നിന്ന് മോചനം നൽകി സ്വന്തം ജീവിതത്തിലേക്ക് കൊണ്ടുവരുന്നതുമാണ് കഥ.

സൂര്യ ഫെസ്റ്റിവലിന്റെ 51-ാം ദിവസം തിയേറ്റർ ഫെസ്റ്റിവലിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് 'കമ്മ്യൂണിസവും സുവിശേഷവും" എന്ന നാടകം വേദിയിലെത്തിച്ചത്. ഇന്നുമുതൽ പത്ത് ദിവസത്തേക്ക് ഇന്ത്യൻ പനോരമ സിനിമ ഫെസ്റ്റിവൽ ആരംഭിക്കും. ബ്ലസി സംവിധാനം ചെയ്ത പൃഥ്വിരാജ് സുകുമാരൻ നായകനായ ആടുജീവിതം ആദ്യചിത്രമായി ഇന്ന് പ്രദർശിപ്പിക്കും.