sabarimala

സമഭാവനയുടെ സങ്കൽപ്പം ഇത്രയധികം ആഴത്തിൽ കോർത്തിണക്കിയിട്ടുള്ള മറ്റൊരു ആരാധനാലയം ശബരിമലയെപ്പോലെ മറ്റൊന്ന് ഭാരതത്തിൽത്തന്നെ ചുരുക്കമാണ്. ശബരിമലയിൽ പ്രവേശിക്കുന്നതിന് വസ്‌ത്രധാരണത്തിന് പ്രത്യേക നിബന്ധനകളില്ലെങ്കിലും പൊതുവെ കറുത്ത വസ്‌ത്രങ്ങളാണ് ഭക്തർ ധരിക്കുന്നത്. കഴുത്തിൽ മാലയും ശിരസിൽ ഇരുമുടിക്കെട്ടുമായി ഇവർ മല കയറിപ്പോകുമ്പോൾ,​ ഒറ്റനോട്ടത്തിൽ ഏറിയും കുറഞ്ഞും എല്ലാവരും ഒരുപോലെയിരിക്കുന്നതായി തോന്നുക സാധാരണമാണ്. ജാതിയുടെയും മതത്തിന്റെയുമൊന്നും വിലക്കുകൾ അയ്യപ്പ ദർശനത്തിനില്ല. ക്ഷേത്രത്തിന്റെ ആചാര സങ്കല്പവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പ്രായപരിധിയിലുള്ള സ്‌ത്രീകൾക്ക് പ്രവേശനാനുമതിയില്ല. വർഷങ്ങളായി തുടരുന്ന ഈ ആചാരം ഒരു സുപ്രഭാതത്തിൽ ഇല്ലാതാക്കാനാകില്ല എന്നത് തെളിയിക്കപ്പെട്ടതുമാണ്. നിലവിലെ രീതി അതേപടി പിൻതുടരുന്നതാണ് അഭികാമ്യമെന്ന് ഭക്തജനങ്ങളിൽ ഭൂരിപക്ഷവും വിശ്വസിക്കുകയും ചെയ്യുന്നു.

പുണ്യഭൂമികൾ സംഘർഷഭൂമിയായി മാറുന്നത് വിശ്വാസത്തിനും ഭക്തിക്കുമപ്പുറം യുക്തിയും രാഷ്ട്രീയവും ഇടപെടലുകൾ നടത്തുമ്പോഴാണ്. ഭക്തജനങ്ങൾ ശബരിമലയിലേക്കു വരുന്നത് ശാന്തിയും സമാധാനവും അനുഗ്രഹവും കാംക്ഷിച്ചാണ്. അതിന് ഉതകുന്ന നടപടികളാകണം ഭരണാധികാരികളിൽ നിന്ന് ഉണ്ടാകേണ്ടത്. ഒപ്പം,​തീർത്ഥാടകർക്ക് അടിസ്ഥാനപരമായ എല്ലാ സൗകര്യങ്ങളും പ്രദാനം ചെയ്യേണ്ടുന്ന ഉത്തരവാദിത്വം ദേവസ്വം ബോർഡിനും സർക്കാരിനുമുണ്ട്. അതിനു വേണ്ടുന്ന ധനം ശബരിമലയിൽ നിന്നുതന്നെ എല്ലാ മണ്ഡലകാലത്തും ലഭിച്ചുവരുകയും ചെയ്യുന്നു. ഇത്തവണ തീർത്ഥാടനം തുടങ്ങിയിട്ട് അധികം ദിവസങ്ങളായിട്ടില്ല. ആദ്യ ഘട്ടത്തിൽ എല്ലാം സുഗമമായി നടക്കുന്നതായാണ് റിപ്പോർട്ടുകൾ. പൊലീസിന്റെ ക്രമീകരണങ്ങളിൽ അനുഭവസമ്പന്നരെ ഉൾപ്പെടുത്തി വരുത്തിയ മാറ്റങ്ങളും,​ വെർച്വൽ ക്യൂവും,​ ഒപ്പം സ്‌പോട്ട് ബുക്കിംഗ് ഏർപ്പെടുത്തിയതും മണിക്കൂറുകൾ നീളാതെ ദർശന സൗകര്യം ലഭ്യമാക്കിയതുമൊക്കെ സുഖദർശനത്തിന് ഇടയാക്കിയ കാരണങ്ങളാണ്.

ഇക്കുറി 70,000 പേർക്കാണ് ഒരു ദിവസം ഓൺലൈനായി ബുക്ക് ചെയ്യാൻ അവസരമുള്ളത്. പതിനായിരം പേർക്ക് വണ്ടിപ്പെരിയാർ സത്രം, എരുമേലി, പമ്പ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യവുമുണ്ട്. ഈ സൗകര്യം നിലയ്ക്കൽ, പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽക്കൂടി ഏർപ്പെടുത്തണമെന്ന ഭക്തജനങ്ങളുടെ ആവശ്യം മറ്റ് അസൗകര്യങ്ങളില്ലെങ്കിൽ ദേവസ്വം ബോർഡ് പരിഗണിക്കേണ്ടതാണ്. കഴിഞ്ഞ തവണ എട്ടിടങ്ങളിലുണ്ടായിരുന്ന സ്‌പോട്ട് ബുക്കിംഗാണ് ഇപ്പോൾ മൂന്നിടങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്. ദർശനത്തിന് എത്രപേർ എത്തുന്നു എന്ന വിവരം വെബ്‌സൈറ്റിലൂടെ പൊതുജനങ്ങളെ അറിയിക്കാൻ തീരുമാനിച്ചതും,​ അയ്യപ്പന്മാർക്ക് സംശയങ്ങൾ ദുരീകരിക്കാനുള്ള വാട്സ്‌ ആപ് ചാറ്റ് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചതും അഭിനന്ദനാർഹമാണ്. ചെറിയ വാഹനങ്ങൾക്ക് പമ്പയിൽ പാർക്കിംഗ് അനുവദിക്കാനുള്ള ഹൈക്കോടതി തീരുമാനം വലിയ ആശ്വാസം പകരുന്നതാണ്. പതിനെട്ടാം പടിയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരെ പതിനഞ്ചു മിനിട്ട് ഇടവിട്ട് മാറ്റാനുള്ള തീരുമാനവും ശ്ളാഘനീയം തന്നെ.

കഴിഞ്ഞ തവണ ദർശനത്തിന് ചില ദിവസങ്ങളിൽ 18 മണിക്കൂർ വരെ കാത്തുനിൽക്കേണ്ടിവന്നത് ഇക്കുറി ആവർത്തിക്കരുത്. പരമാവധി മൂന്നു മണിക്കൂറിനപ്പുറം ഭക്തജനങ്ങൾക്ക് കാത്തുനിൽക്കാൻ ഇടവരാത്ത തരത്തിലുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തേണ്ടത്. മണ്ഡലകാലത്ത് കെ.എസ്.ആർ.ടി.സി നടത്തുന്ന സർവീസ് സാധാരണക്കാരായ ഭക്തജനങ്ങൾക്ക് ചെറിയ ബഡ്‌ജറ്റിൽ ഒതുങ്ങുന്ന ദർശനം സാധിതപ്രായമാക്കുന്നതാണ്. ചെയിൻ സർവീസിനിടെ ഒരു ട്രാൻസ്‌പോർട്ട് ബസ് കത്തിനശിച്ചതാണ് ശബരിമലയിൽ ഇത്തവണയുണ്ടായ ഏക അനിഷ്ടസംഭവം. അതിനാൽ കുറച്ചുകൂടി പുതിയ ബസുകൾ മണ്ഡല സർവീസിന് ഉപയോഗിക്കാൻ കഴിയണം. ശബരിമല തീർത്ഥാടകരെ കൊള്ളയടിച്ച സംഭവം തിരുവനന്തപുരം ജില്ലയിൽ ഉണ്ടായത് മറ്റൊരിടത്തും ആവർത്തിക്കാൻ പാടില്ല. അതിനുള്ള ശക്തമായ നടപടികൾ‌ പൊലീസ് സ്വീകരിക്കുക തന്നെ വേണം. എല്ലാവരും ഒരു മനസോടെ ശബരിമല അയ്യപ്പനിൽ സമർപ്പിച്ച് പ്രവർത്തിച്ചാൽ ഇത്തവണത്തെ മണ്ഡലകാലം സുഗമമായി കടന്നുപോകുമെന്ന് പ്രതീക്ഷിക്കാം.