
വർക്കല: എ.പി.ജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാല ഇന്റർ സോൺ വോളിബോൾ പുരുഷ വിഭാഗം മത്സരത്തിൽ വർക്കല യു.കെ.എഫ് എഞ്ചിനിയറിംഗ് കോളേജിന് നേട്ടം. സോൺതല മത്സരങ്ങളിൽ വിജയികളായ 12 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ യു.കെ.എഫ് കോളേജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വോളിബോൾ പുരുഷ വിഭാഗം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് അലി അൻസാരി (മെക്കാനിക്കൽ), വൈഷ്ണവ് (ഇലക്ട്രിക്കൽ) എന്നിവരെ കെ.ടി.യു സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുത്തു. കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം ഡയറക്ടർ പ്രൊഫ. ഉണ്ണി.സി.നായർ, ട്രെയിനർ നബീൽ നിസാം, വോളിബോൾ ടീം അംഗങ്ങൾ എന്നിവരെ യു.കെ.എഫ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് അനുമോദിച്ചു.