കടയ്ക്കാവൂർ:അഞ്ചുതെങ്ങിലെ വാർഡ് പുനർവിഭജനം മാനദണ്ഡം മറികടന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രാഷ്ട്രീയ ലാഭത്തിന് പുനഃക്രമീകരിച്ചതായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി. വീടുകളുടെ എണ്ണം അടിസ്ഥാനമാക്കിയും 2011 ലെ ജനസംഖ്യ ആനുപാതികമായും വാർഡ് വിഭജനം നടത്തണം എന്ന ഇലക്ഷൻ കമ്മീഷൻ നിർദ്ദേശത്തെ പാടെ അവഗണിച്ച് രാഷ്ട്രീയ ലാഭത്തിനുവേണ്ടി വാർഡ് പുനർനിർണയിക്കുകയായിരുന്നു. നിലവിൽ 15,000 ജനസംഖ്യ വരെ 14 വാർഡും അതിനു മുകളിലുള്ള ഓരോ 2500 ജനസംഖ്യയ്ക്കും ഒരു അധിക അവാർഡ് നൽകാമെന്നിരിക്കെ 17 500 ജനസംഖ്യ ഉണ്ടായിരുന്നിട്ടും അധികവാർഡ് അനുവദിച്ചില്ല എന്നുമാത്രമല്ല വാർഡ് ഘടന മാറ്റിയതുപോലും മാനദണ്ഡങ്ങൾ ലംഘിച്ചും ഭരിക്കുന്ന പാർട്ടിയുടെ താത്പര്യങ്ങൾക്കാണെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂഡ് ജോർജ് ആരോപിച്ചു. വാർഡ് വിഭജനത്തിനെതിരെ ശക്തമായ രാഷ്ട്രീയ നിയമ നടപടിയുമായി മുന്നോട്ടു പോകാൻ കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായി മണ്ഡലം പ്രസിഡന്റ് ജൂഡ് ജോർജ്ജും പാർലമെന്ററി പാർട്ടി ലീഡർ യേശുദാസ് സ്റ്റീഫനും അറിയിച്ചു.