
നെയ്യാറ്റിൻകര : അയ്യാ വൈകുണ്ഠ സ്വാമിയെ രാജാവിന്റെ നിർദ്ദേശപ്രകാരം സ്വാമി തോപ്പിൽ നിന്ന് അറസ്റ്റ് ചെയ്ത് ശിങ്കാരത്തോപ്പ് ജയിലിലേക്ക് കുതിരവണ്ടിയിൽ കെട്ടി കൊണ്ടുവന്നതിന്റെ ഓർമ്മ പുതുക്കി സ്വാമിത്തോപ്പിൽ നിന്ന് ആരംഭിച്ച പദയാത്രയ്ക്ക് നെയ്യാറ്റിൻകരയിൽ സ്വീകരണം നൽകി.സാമൂഹ്യ അനാചാരങ്ങൾക്കെതിരെ സമത്വസമാജം സ്ഥാപിച്ചും,കണ്ണാടി പ്രതിഷ്ഠ നടത്തിയും സ്വാമി നടത്തിയ പ്രവർത്തനങ്ങളാണ് രാജാവിന്റെ അപ്രീതിക്കിടയാക്കിയത്. സ്വാമിതോപ്പ് മഠാധിപതി ബാല പ്രജാപതി അടികളാർ നേതൃത്വം നൽകുന്ന പദയാത്രയ്ക്ക് നെയ്യാറ്റിൻകരയിൽ നടന്ന സ്വീകരണത്തിൽ നഗരസഭാ കൗൺസിലർ മഞ്ചത്തല സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ ബാല പ്രജാപതിയെ പൊന്നാട ചാർത്തി സ്വീകരിച്ചു. വിവിധ സംഘടന നേതാക്കളായ ക്യാപിറ്റൽ വിജയൻ, വി.ശിവൻകുട്ടി എന്നിവർ സംസാരിച്ചു.