1

വിഴിഞ്ഞം: തെന്നൂർക്കോണം ഞാറവിള-കരയടിവിള റോഡിൽ വെള്ളക്കെട്ട്. കാൽനടയാത്ര പോലും അസാദ്ധ്യമാണ്. വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി റോഡിന് നടുവിലെടുത്ത കുഴികൾ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. 1000 ത്തോളം വീട്ടുകാരാണ് പ്രദേശത്തുള്ളത്.

പരാതി പറഞ്ഞിട്ടും പരിഹാരമാകാത്തതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൻ കല്ലടുക്കി ചെറിയ നടപ്പാത ഉണ്ടാക്കി. ഇതിലൂടെയാണ് സ്കൂൾ കുട്ടികൾ ഉൾപ്പെടെ പോകുന്നത്. എതിരെ ഒരാൾ നടന്നു പോയാൽ വെള്ളത്തിൽ ഇറങ്ങേണ്ട അവസ്ഥ.

കെട്ടിക്കിടക്കുന്ന മലിനജലത്തിൽ നിന്നും ദുർഗന്ധവുമുണ്ട്. പകർച്ചവ്യാധി ഭീഷണിയിലാണ് പ്രദേശവാസികൾ. റോഡിനു നടുവിലെ കുഴി അശാസ്ത്രീയമാണെന്നും ഇതിനു മുകളിലെ ഇരുമ്പ് ഗ്രിൽ ഏത് നിമിഷവും തകരാമെന്നും നാട്ടുകാർ പറയുന്നു. തെന്നൂർക്കോണം മുക്കോല റോഡിലേക്ക് മഴവെള്ളം ഒഴുക്കിവിട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.