
തിരുവനന്തപുരം: മൃതദേഹമൊളിപ്പിച്ചും മൊബൈൽ ഫോൺ ഓടുന്ന വാഹനത്തിലെറിഞ്ഞുമുള്ള രക്ഷപ്പെടുന്ന 'ദൃശ്യം" മോഡൽ കൊലപാതക കേസ് പ്രതികളെയെല്ലാം ജയിലിലാക്കി പൊലീസ്. പ്രതികൾ വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും, ശാസ്ത്രീയ, സാഹചര്യ, സൈബർ തെളിവുകൾ ശേഖരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ തുണച്ചത്. 2013ൽ 'ദൃശ്യം" സിനിമ പുറത്തിറങ്ങിയശേഷം സമാനമായ ഒരുഡസനിലേറെ കൊലപാതകളാണ് നടന്നത്.
കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്യുന്ന 'ദൃശ്യം" മോഡലാണ് മിക്കയിടത്തുമുണ്ടായത്. ഫോണുകൾ അന്തർസംസ്ഥാന ബസുകളിലും ചരക്കുലോറികളിലും ട്രെയിനുകളിലുമെറിഞ്ഞ് പൊലീസിനെ വഴിതെറ്റിക്കാനും ശ്രമിച്ചു. 'ദൃശ്യം" ഇറങ്ങിയതിന് നാലു വർഷം മുൻപ് മാന്നാറിലെ ശ്രീകലയെ കൊന്ന് സെപ്ടിക്‌ടാങ്കിലൊളിപ്പിച്ച സംഭവം 15 വർഷത്തിനു ശേഷമാണ് പൊലീസ് പ്രതികളെ കുടുക്കിയത്. തങ്ങൾക്ക് ലഭിച്ച ഊമക്കത്താണ് പൊലീസിന് പിടിവള്ളിയായത്.
ആലപ്പുഴയിൽ വിജയലക്ഷ്മിയെ കൊന്ന ജയചന്ദ്രൻ 'ദൃശ്യം" കണ്ടത് പത്തുതവണ. ആഴത്തിൽ കുഴിയെടുത്ത് മൃതദേഹം മൂടിയശേഷം മുകളിൽ കോൺക്രീറ്റിട്ടതും വിജയലക്ഷ്മിയുടെ ഫോൺ കണ്ണൂരിലേക്കുള്ള ബസിലുപേക്ഷിച്ചതുമെല്ലാം 'ദൃശ്യം" മോഡലിലായിരുന്നു. പക്ഷേ ഫോണിന്റെ ശാസ്ത്രീയാന്വേഷണത്തിലൂടെ പൊലീസ് കേസ് തെളിയിച്ചു. യുവാവ് കൊല്ലപ്പെടുന്നതും മറച്ചുവയ്‌ക്കാൻ ആസൂത്രിതമായി കള്ളക്കഥ ചമയ്‌ക്കുന്നതുമാണ് 'ദൃശ്യ"ത്തിന്റെ ഇതിവൃത്തം. ഡൽഹിയിലും ഛത്തീസ്ഗഡിലുമെല്ലാം 'ദൃശ്യം" മോഡൽ കൊലകളുണ്ടായിട്ടുണ്ട്.
ചൈനയിൽ ക്ലൈമാക്‌സ് മാറ്റി
'ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ്" എന്ന പേരിൽ 'ദൃശ്യം" ചൈനയിൽ റീമേക്ക് ചെയ്‌തപ്പോൾ ക്ലൈമാക്‌സ് മാറ്രിയിരുന്നു. മോഹൻലാലിന്റെ നായകകഥാപാത്രം പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയാണെങ്കിൽ ചൈനയിൽ യാങ്‌സിയാവോ അവതരിപ്പിച്ച നായകകഥാപാത്രമായ ലീ പൊലീസിന് കീഴടങ്ങുകയായിരുന്നു. പൊലീസിനെ പറ്റിക്കുന്ന ക്ലൈമാക്സ് ചൈനയിൽ അനുവദിച്ചില്ല.
'ദൃശ്യം" മോഡലിലെ കേസുകളെല്ലാം പൊലീസ് തെളിയിച്ചിട്ടുണ്ട്. പിഴവില്ലാത്ത കുറ്റകൃത്യങ്ങളില്ല. കുറ്റവാളികൾ അവശേഷിപ്പിക്കുന്ന തെളിവ് ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെടുക്കും. ഓടുന്ന വാഹനത്തിൽ ഫോണെറിഞ്ഞാൽ അല്പം വഴിതെറ്റിക്കാമെന്നേയുള്ളൂ. പൊലീസിനെ കബളിപ്പിച്ച് നായകൻ രക്ഷപെടുന്നത് സിനിമയിൽ മാത്രമാണ്. അന്വേഷണത്തിന് പൊലീസിന് സ്വന്തം രീതിയുണ്ട്. 'ദൃശ്യം" മോഡൽ അനുകരിക്കാതിരിക്കുന്നതാണ് നല്ലത്".
- മനോജ് എബ്രഹാം, ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി