
സേവനങ്ങൾ ലഭിക്കാൻ പൊതുജനങ്ങൾ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകേണ്ടിവരുന്നത് പുതിയ കാര്യമൊന്നുമല്ല. സർക്കാർ സർവീസ് ഉണ്ടായ കാലംതൊട്ടേ പല രൂപത്തിലും ഭാവത്തിലും അത് ഒപ്പമുണ്ടായിരുന്നു. രോഗികൾ പോലും ഡോക്ടർ ഉൾപ്പെടെ ആശുപത്രി ജീവനക്കാർക്ക് കോഴ നൽകാൻ നിർബന്ധിതരാകാറുണ്ട്. കോഴ ലഭിക്കാത്തതിന്റെ പേരിൽ രോഗിക്ക് വേണ്ടത്ര ചികിത്സ ലഭിക്കാതെ പോകുന്ന പരാതികൾക്കും കുറവൊന്നുമില്ല. മറ്റു വകുപ്പുകളിലേക്കു കടന്നാൽ റവന്യു ഓഫീസുകളാണ് ഈ വിഷയത്തിൽ കുപ്രസിദ്ധി നേടിയിട്ടുള്ളത്. ഒട്ടനവധി കാര്യങ്ങൾക്ക് വില്ലേജ് ഓഫീസ് ഉൾപ്പെടെയുള്ള റവന്യു ഓഫീസുകളെ ആശ്രയിക്കേണ്ടിവരുന്നവർക്ക് കോഴയുടെ രുചി നന്നായി അറിയാം. പണ്ടൊക്കെ അഞ്ചും പത്തും രൂപ നൽകിയാൽ കാര്യം നടക്കുമായിരുന്നെങ്കിൽ ഇന്ന് സ്ഥിതി അതല്ല. രൂപയുടെ മൂല്യം ഇടിഞ്ഞതനുസരിച്ച് കൈക്കൂലിയുടെ തുകയും ഗണ്യമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. കാൽ ലക്ഷവും അരലക്ഷവും ഒരുലക്ഷവുമായി തരാതരം പോലെയാണ് ഇപ്പോൾ അത് ചെന്നെത്തി നിൽക്കുന്നത്.
കൈക്കൂലി എന്ന മഹാശാപത്തെക്കുറിച്ച് വീണ്ടുമോർത്തത്, കഴിഞ്ഞ ദിവസം വൈക്കം ഡെപ്യൂട്ടി തഹസിൽദാർ 25,000 രൂപ കൈക്കൂലി വാങ്ങവെ കൈയോടെ വിജിലൻസ് പിടിയിലായ വാർത്ത കണ്ടപ്പോഴാണ്. ഭാര്യയുടെ പേരിൽ വാങ്ങിയ 24 സെന്റ് ഭൂമിയുടെ പോക്കുവരവ് നടത്തിക്കിട്ടാൻ പ്രവാസിയായ ഗൃഹനാഥനോട് ഡെപ്യൂട്ടി തഹസിൽദാർ 60,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതത്രെ. ആദ്യം 24 സെന്റിൽ 11 സെന്റ് മാത്രം പോക്കുവരവ് ചെയ്തുകൊടുത്തു. ശേഷിക്കുന്നതിന് കൈക്കൂലി നൽകണമെന്നും നിബന്ധന വച്ചുവത്രെ. പ്രവാസി വിജിലൻസിനെ വിവരം ധരിപ്പിച്ചതനുസരിച്ചാണ് 25,000 രൂപ കൈക്കൂലി നൽകാനൊരുങ്ങവെ ഡെപ്യൂട്ടി തഹസിൽദാർ പദവി വഹിക്കുന്ന സുഭാഷ്കുമാർ പിടിയിലാകുന്നത്. കൈക്കൂലി വാങ്ങുന്നതിന്റെ നേരിട്ടുള്ള തെളിവുകൾ വരാതിരിക്കാൻ എ.ടി.എം കേന്ദ്രത്തിലെ കാഷ് ഡെപ്പോസിറ്റ് മെഷീൻ വഴി പണം കൈമാറാനാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. കാലത്തിന്റെ മാറ്റം കൈക്കൂലിപ്പണമിടപാടിലും ആകാമല്ലോ!
വസ്തുവിന്റെ പ്രമാണം നടന്നുകഴിഞ്ഞാൽ ദിവസങ്ങൾക്കകം അതുമായി ബന്ധപ്പെട്ട ആധാരവും പോക്കുവരവും കരം തീർക്കലുമൊക്കെ ആരുടെയും ശുപാർശയില്ലാതെ തന്നെ ഇടപാടുകാർക്കു ലഭിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് റവന്യു വകുപ്പിന്റെ അവകാശവാദം. ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ റവന്യു വകുപ്പിന്റെ ഒട്ടനവധി സേവനങ്ങൾ നിലവിൽ ഓൺലൈൻ വഴി ലഭിക്കുന്നുമുണ്ട്. എന്നാൽ പോക്കുവരവ് ഉൾപ്പെടെ ചില സേവനങ്ങൾക്ക് ഇപ്പോഴും വില്ലേജ് ഓഫീസിൽ പലവട്ടം കയറിയിറങ്ങുക മാത്രമല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ പ്രീതിപ്പെടുത്തേണ്ടി വരാറുമുണ്ടെന്നത് യാഥാർത്ഥ്യമാണ്. കഴിഞ്ഞ വർഷം മാത്രം റവന്യൂവകുപ്പിൽ 76 കൈക്കൂലി കേസുകളാണ് പിടികൂടിയത്. ഏഴുവർഷത്തിനിടെ 281 ഉദ്യോഗസ്ഥർ നടപടിക്കു വിധേയരായി. 72 ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടു.
പോക്കുവരവ്, ഭൂമി തരംമാറ്റം, ക്വാറി ലൈസൻസ്, വിവിധ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയാണ് കൈക്കൂലി വിളയാടുന്ന പ്രധാന മേഖലകൾ. എല്ലാ വില്ലേജ് ഓഫീസുകളും ഈ ഗണത്തിൽ വരുന്നവയൊന്നുമല്ല. ജനങ്ങളെ സേവിക്കണമെന്ന് ആഗ്രഹിക്കുന്നിടങ്ങളിൽ കൈക്കൂലി കൂടാതെ തന്നെ കാര്യങ്ങൾ നടന്നുകിട്ടും. ജനങ്ങളുമായി അധികം ബന്ധപ്പെടേണ്ടിവരുന്ന സർക്കാർ ഓഫീസുകളിലെ ജീവനക്കാർ സത്യസന്ധരും സേവനതല്പരരുമായിരിക്കണമെന്ന് മുഖ്യമന്ത്രി അവസരം കിട്ടുമ്പോഴൊക്കെ ഉദ്ബോധനം നടത്താറുണ്ട്. സ്വപ്നത്തിൽ മാത്രം നടക്കുന്ന കാര്യമാണതെന്ന് ജനങ്ങൾ ഇങ്ങനെയുള്ള ഓഫീസുകളെ സമീപിക്കുമ്പോഴറിയാം. എല്ലാ വിഭാഗം ജീവനക്കാർക്കും സുശക്തമായ സർവീസ് സംഘടനകളുണ്ട്. കൈക്കൂലി എന്ന മഹാശാപം ഇല്ലാതാക്കാൻ ഈ സംഘടനകൾ വിചാരിച്ചാൽപ്പോലും സാധിക്കുന്നില്ല.