1

പൂവാർ: ലഹരിയുടെ വിപത്തിൽ നിന്ന് പുതുതലമുറയെ രക്ഷിക്കാൻ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്യാമ്പെയിനുകളും നാടകവും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിൽ കേരളകൗമുദി ബോധ പൗർണമി ക്ലബ് സംഘടിപ്പിച്ച നിയമ, ലഹരി ബോധവത്കരണ പരിപാടിക്കിടയിൽ ജനമൈത്രി പൊലീസ് അവതരിപ്പിച്ച പാഠം ഒന്ന്, ഒരു മദ്യപാനിയുടെ ആത്മകഥ എന്ന നാടകം ശ്രദ്ധേയമായി.

സമൂഹത്തിന് ഭീഷണി ഉയർത്തുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെയും ദൂഷ്യഫലങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്ന നാടകം കുട്ടികളിൽ ലഹരിക്കെതിരെ നിലപാട് ഉയർത്താൻ പ്രാപ്തമാക്കുന്നതായാണ് വിലയിരുത്തൽ.

പൊലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ്ഷാ, സുഭാഷ് കുമാർ, സുനിൽകുമാർ,ആര്യാദേവി,രേഷ്മ,സുധർമൻ, ഷംനാദ്,രതീഷ് തുടങ്ങിയവരാണ് നാടകത്തിൽ വേഷമിട്ടിരുക്കുന്നത്. ജനമൈത്രി പൊലീസ് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡി.ഐ.ജി അജിതാബീഗം ഐ.പി.എസ് ആശയാവിഷ്കാരം നൽകി. അനിൽ കാരേറ്റ് സംവിധാനം ചെയ്തതാണ് നാടകം.