വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ ഫ്ലൈഓവർ നിർമ്മാണത്തിന് മന്ത്രിസഭാ അംഗീകാരം. കഴിഞ്ഞ മാസം ടെൻഡറിന് ധനകാര്യവകുപ്പ് അനുമതി നൽകിയിരുന്നു. കൊട്ടാരക്കര മുതൽ തിരുവനന്തപുരം വരെയുള്ള സംസ്ഥാനപാതയിൽ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നാണ് വെഞ്ഞാറമൂട്.

മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഹയർ സെക്കൻഡറി സ്കൂളും നിരവധി ഗവൺമെന്റ് സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഇവിടം കടന്നുപോകാൻ നിലവിൽ മണിക്കൂറുകളാണ് വേണ്ടത്.വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ഡി.കെ.മുരളി എം.എൽ.എയാണ് ഫ്ലൈഓവർ എന്ന ആശയം മുന്നോട്ടുവച്ചത്.

നാൾവഴികൾ

എം.എൽ.എയുടെ ശുപാർശ പരിഗണിച്ച് 2018 ജൂൺ 18‌ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും സാദ്ധ്യതാപഠനം നടത്താൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ സാദ്ധ്യതാപഠനം നടത്തുകയും പദ്ധതി പ്രായോഗ്യമാണെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.ആഗസ്റ്റ് 19ന് ചേർന്ന കിഫ്ബി എക്സിക്യുട്ടിവ് കമ്മിറ്റിയാണ് ഫൈഓവർ നിർമ്മാണം അംഗീകരിച്ച് 25.03 കോടി രൂപ അനുവദിച്ചത്.

30 മീറ്റർ ഉയരമുള്ള 9 സ്പാനുകളും 6 മീറ്റർ ഉയരമുള്ള 10 സ്പാനകളും ഫ്ളൈഓവറിനുണ്ടാകും.446 മീറ്റർ നീളവും 10.5 മീറ്റർ വീതിയുമുണ്ട്.തിരുവനന്തപുരം ഭാഗത്ത് 56.7 മീറ്ററും കൊട്ടാരക്കര ഭാഗത്ത് 52 മീറ്റർ അപ്രോച്ച് റോഡും ഉണ്ടാകും.ഇതിനു പുറമേ ഇരുവശത്തേക്കും സർവീസ് റോഡും ഉണ്ടാകും.ബി.എസ്.എൻ.എൽ, വാട്ടർ അതോറിട്ടി തുടങ്ങിയവയുടെ സേവനങ്ങൾക്കാവശ്യമായ അണ്ടർ ഗ്രൗണ്ട് സംവിധാനങ്ങളും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ സാങ്കേതിക കാരണങ്ങളാൽ നിരവധി തവണ ടെൻഡർ നടപടികൾ മുടങ്ങി.വീണ്ടും തുക ഉയർത്തിയതോടെയാണ് ഇപ്പോൾ ടെൻഡർ നടപടികൾ അംഗീകരിച്ചത്.

 ഇപ്പോഴത്തെ തുക - 27.95 കോടി

 കിഫ്ബിയാണ് പദ്ധതിയുടെ ഫണ്ടിംഗ് ഏജൻസി.

മറ്റ് ഫ്ലൈഓവർ പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി ഇതിന് സ്ഥലമെടുപ്പ് ആവശ്യമില്ല.നിലവിലുള്ള റോഡിൽ തന്നെ നിർമ്മിക്കാം.

ധനവകുപ്പിന്റെ അംഗീകാരം നേരത്തെ ലഭിച്ചിരുന്നു.ഇപ്പോൾ മന്ത്രിസഭാ അംഗീകാരം കൂടി ലഭിച്ചതോടെ പദ്ധതി ഉടൻ ആരംഭിക്കും.

ഡി.കെ.മുരളി, എം.എൽ.എ