തിരുവനന്തപുരം: വാർഡ് വിഭജനത്തിനുവേണ്ടി അടിസ്ഥാനമാക്കിയ രേഖകളിലെ കണക്കുകളിൽ പിശകെന്ന് ആരോപണം.ജനസംഖ്യ,​വാർഡുകളിലെ വാസയോഗ്യമായ ഗൃഹങ്ങൾ തുടങ്ങിയ നഗരസഭ നൽകിയ കണക്കുകളിലാണ് പിശകുണ്ടെന്ന് ആരോപണം ഉയർന്നിരിക്കുന്നത്.മിക്ക വാർഡുകളിലെയും വാസഗൃഹങ്ങളുടെ എണ്ണത്തിലാണ് പിശക് സംഭവിച്ചത്.ഉദാഹരണത്തിന് പൂജപ്പുര വാർഡിൽ 5676 വാസഗൃഹങ്ങളുണ്ടെന്നാണ് നഗരസഭയുടെ കണക്ക്.എന്നാൽ 40,00 വാസഗൃങ്ങളെ ഉള്ളൂവെന്ന് കൗൺസിലർ വി.വി.രാജേഷ് പറയുന്നു.കൊടുങ്ങാനൂർ വാർഡിൽ 4519എന്ന് കണക്കിലുണ്ട്.കഴിഞ്ഞ വാർഷിക ഭരണറിപ്പോ‌ർട്ടിൽ 3500 വീടുകളുണ്ടെന്നാണ് കണക്ക്.ഒരു വർഷത്തിനിപ്പുറം 1500 വീടുകൾ പുതിയതായി വന്നിട്ടില്ലെന്നാണ് കൗൺസിലറും പറയുന്നത്. ഇതുപോലെ പട്ടത്ത് 5431 വാസഗൃഹങ്ങളുണ്ട്,വഞ്ചിയൂരിൽ 5549 എന്നിങ്ങനെ പല വാർഡുകളിലെയും വാസഗൃഹ നിർണയത്തിൽ അപാകതയുണ്ടെന്നാണ് ആക്ഷേപം. കോർപ്പറേഷനിലെ കെട്ടിട അസസ്‌മെന്റ് രജിസ്റ്ററിന്റെ അടിസ്ഥാനത്തിലാണ് ഇത് തിട്ടപ്പെടുത്തിയത്. പഴയ ടി.സിയിൽ നിർമ്മിച്ച വീടുകൾ പൊളിച്ച് പുതിയത് പണിയുമ്പോഴും പലരും പഴയ ടി.സി നമ്പർ ക്ളോസ് ചെയ്യാറില്ല. ഇങ്ങനെ ഇരട്ടിപ്പ് വരാമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.ഇതുകൂടാതെ വാസഗൃഹത്തോടൊപ്പം വാണിജ്യ കെട്ടിടങ്ങൾ കൂടി ഈ കണക്കിൽ ഉൾപ്പെടുത്തി പെരുപ്പിച്ച് കാണിക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

സെൻസസ് വിവരവും പൂർണമല്ല

2011ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് വാർഡ് വിഭജനം നടത്തിയത്.എന്നാൽ അതിൽ 88 വാർഡുകളുടെ സെൻസസ് വിവരങ്ങൾ മാത്രമേയുള്ളൂ.ബാക്കി വാർഡുകളിൽ ഏത് അടിസ്ഥാനത്തിലാണ് ജനസംഖ്യ,ടി.സി അനുപാതത്തിൽ വിഭജിച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്.

കളക്ടറുടെ നേതൃത്വത്തിൽ സംഘം

തദ്ദേശ വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനത്തിന്മേൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിശോധിക്കാൻ ജില്ലയിലും ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ കളക്ടറുടെ നേതൃത്വത്തിൽ ചുമതലപ്പെടുത്തും. ഡിസംബർ മൂന്നുവരെയാണ് ആക്ഷേപങ്ങൾ അറിയിക്കാനുള്ള സമയം. ഇതുപരിശോധിച്ച് ജില്ലാ കളക്ടറോ, കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥരോ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കും. നിർദിഷ്ട വാർഡുകളെക്കുറിച്ച് തദ്ദേശസെക്രട്ടറിമാർ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകൾ ബന്ധപ്പെട്ട രേഖകളുമായി ഒത്തുനോക്കി ശരിയാണോയെന്ന് അന്വേഷണസംഘം പരിശോധിക്കും. ഓരോ വാർഡിലെയും ജനസംഖ്യ, ശരാശരി ജനസംഖ്യയിൽനിന്ന് വ്യതിചലിച്ചിട്ടുണ്ടെങ്കിൽ അതിന് മതിയായ കാരണങ്ങളുണ്ടെന്ന് ഉറപ്പാക്കണം. 10 ശതമാനംവരെ വ്യത്യാസമാണ് ഡീലിമിറ്റേഷൻ കമ്മീഷൻ അനുവദിച്ചിരിക്കുന്നത്. അതിർത്തികൾ രേഖപ്പെടുത്തിയിട്ടുള്ളത് കൃത്യമാണോയെന്ന് പരിശോധിക്കും. പരാതിയുള്ളപക്ഷം നിർദിഷ്ട വാർഡിന്റെ രൂപരേഖയും അതിർത്തികളും അകാരണമായി വളച്ചൊടിച്ചിട്ടുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും.

വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് നഗരസഭയുടെ പല കണക്കുകളിലും പിശകുണ്ട്.ഇതിനെതിരെ നിയമപോരാട്ടം നടത്തും. രാഷ്ട്രീയമായാണ് വാർഡ് വിഭജനം നടത്തിയത്.പലതിലും അവ്യക്തതയാണ്.ഇതിനെതിരെ

വേണമെങ്കിൽ ഹൈക്കോടതിയെ വരെ സമീപിക്കും.

വി.വി.രാജേഷ്,കൗൺസിലർ,ബി.ജെ.പി ജില്ലാ പ്രസി‌ഡന്റ്