
നന്മനിറഞ്ഞ പച്ചയായ മനുഷ്യൻ. എന്നും സമാധാന പ്രിയൻ, വെള്ളിത്തിരയിൽ വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് ക്യാരക്ടർ റോളുകളിലേക്ക് വഴിമാറി മലയാളി പ്രേക്ഷകരുടെ മനം കവർന്നാണ് മേഘനാഥൻ യാത്രയാകുന്നത്. വർഷത്തിൽ അഭിനയിക്കുന്നത് നാലോ അഞ്ചോ സിനിമകളിൽ. ബാക്കിസമയം മുഴുവൻ ഷൊർണൂർ വാടാനംകുറിശിയിലെ വീടിന്റെ തൊടിയിലോ പാടത്തോ കർഷകനായി മേഘനാഥനെ കാണാൻ കഴിയും. ജീവിതത്തിൽ ആദ്യമായി സ്വന്തമാക്കിയ വാഹനം ട്രാക്ടർ ആണ്. നെൽക്കൃഷിയോടാണ് മേഘനാഥന് പ്രിയം. തെങ്ങും കവുങ്ങും കുരുമുളകും എല്ലാം കൃഷിയുണ്ട്. പാടത്തിറങ്ങി തൊഴിലാളികൾക്കൊപ്പം പണിയെടുക്കുന്ന മേഘനാഥനെയാണ് വാടാനംകുറിശിക്കാർക്ക് പ്രിയം. അമ്മയുടെ നാടാണ് വാടാനംകുറിശി. വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ബാലൻ കെ. നായരുടെ ഇളയ മകൻ എന്ന വിലാസം വെള്ളിത്തിര പ്രവേശത്തിന് ഏറെ സഹായിച്ചിട്ടുണ്ടെന്ന് മേഘനാഥൻ പറഞ്ഞിട്ടുണ്ട്.
പി.എൻ. മേനോൻ സംവിധാനം ചെയ്ത അസ്ത്രം സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്നി സിനിമയിൽ ഗീതയുടെ അനിയനായി വന്നപ്പോഴാണ് പ്രേക്ഷകർ മേഘനാഥനെ ശ്രദ്ധിക്കുന്നത്. ഇൗ പുഴയും കടന്ന് സിനിമയിൽ സഹോദരിമാരെ ഉപദ്രവിക്കാൻ വരുന്ന രഘു, ഒരു മറവത്തൂർ കനവിലെ ഡ്രൈവർ തങ്കപ്പൻ, ചന്ദ്രനുദിക്കുന്ന ദിക്കിലെ തിമ്മയ്യ തുടങ്ങിയ കഥാപാത്രൾ. ചെങ്കോൽ, ഉത്തമൻ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷം.
വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് ക്യാരക്ടർ റോളിലേക്ക് പകർന്നാട്ടം നടത്തിയപ്പോൾ കരിയറിൽ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ച ചിത്രമായിരുന്നു നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജുവിലെ രാജേന്ദ്രൻ . ഭാര്യ കളവ് ചെയ്തത് കണ്ടുപിടിച്ച് അവരെ പൊലീസ് അറസ്റ്റ് ചെയ്ത് പോകുമ്പോൾ ഹൃദയം തകർന്നു മകളെ കെട്ടിപിടിച്ച് കരയുന്ന മേഘനാഥൻ കഥാപാത്രത്തെ ആരും മറക്കാനിടയില്ല. അവിടെ നിന്നങ്ങോട്ട് പുതിയ പാതയിലൂടെയായി യാത്ര. സൺഡേ ഹോളിഡേയിലെ എസ്.ഐ ഷഫീക്ക്, ആദിയിലെ മണി അണ്ണൻ, കൂമനിലെ എസ്.ഐ സുകുമാരൻ തുടങ്ങി ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ യാത്ര. സിനിമയുടെ ഇടവേളയിൽ സീരിയലുകളിലും അഭിനയിച്ചു. അഭിനയം എന്റെ തൊഴിലാണെന്ന് അത് ചെയ്യാൻ എവിടെ വിളിച്ചാലും പോകുമെന്നും മേഘനാഥൻ എത്രയോ തവണ പറഞ്ഞിട്ടുണ്ട്. സമാധാന പുസ്തകം ആണ് അവസാനമായി അഭിനയിച്ച ചിത്രം.