തിരുവനന്തപുരം: അഞ്ച് രാപകലുകളിലായി നടക്കുന്ന കൗമാരോത്സവത്തിനൊരുങ്ങി നെയ്യാറ്റിൻകര.12 ഉപജില്ലകളിൽ നിന്നായി പതിനായിരത്തിലേറെ കുട്ടികളാണ് റവന്യൂ കലോത്സവത്തിൽ പങ്കെടുക്കുന്നത്. 25ന് രാവിലെ 10ന് രചനാ മത്സരങ്ങളോടെ ആരംഭിക്കുന്ന കലോത്സവം 29ന് സമാപിക്കും. 25ന് വൈകിട്ട് 4ന് വിളംബരഘോഷയാത്രയും തുടർന്ന് ഔപചാരിക ഉദ്ഘാടനവും നടക്കും.
ഉപജില്ലാ കലോത്സവങ്ങളിൽ മൂന്ന് ഡി.ഇ.ഒ മാർക്കും ലഭിച്ചിട്ടുള്ള അപ്പീലുകളുടെ കണക്ക് ലഭ്യമായാലേ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കൃത്യതയുണ്ടാവൂ.നെയ്യാറ്റിൻകര ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനവേദിയായി പതിനഞ്ച് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഊട്ടുപുര പ്രവർത്തിക്കുന്നത്.
ജെ.ബി.എസ്,ടൗൺ ഹാൾ,സെന്റ് ഫിലിപ്പ് ഹൈസ്കൂൾ,സ്കൗട്ട് ഹാൾ,ഗവ.ടൗൺ എൽ.പി.എസ്, സെന്റ് തെരേസാസ് കോൺവെന്റ് സ്കൂൾ, എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റി ഹാൾ, ശ്രീവിദ്യാധിരാജ സ്കൂൾ, നഗരസഭാ ഹാൾ തുടങ്ങിയവയാണ് മറ്റ് വേദികൾ.
സ്വാഗതസംഘം രൂപീകരിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തി. കലോത്സവത്തിനായി പ്രോഗ്രാം, ഫുഡ് അടക്കം പതിനാറ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.അദ്ധ്യാപക സംഘടനകൾക്കാണ് കമ്മിറ്റികളുടെ ചുമതല. 35 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും കലോത്സവം. ശുചിത്വമിഷന്റെ പിന്തുണയോടെയുള്ള ഗ്രീൻ പ്രോട്ടോക്കോളിന്റെ നടത്തിപ്പിനായി നാഷണൽ സർവീസ് സ്കീം,സ്റ്റുഡന്റ് പൊലീസ് എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കും.
29ന് സമാപനസമ്മേളനവും സമ്മാനദാനവുമാണ് നടക്കുന്നത്. സമാപന ദിവസത്തെ സമ്മാനദാനച്ചടങ്ങിൽ ഓവറാൾ ട്രോഫി ഉൾപ്പെടെ 32 ട്രോഫികൾ മാത്രമേ വിതരണം ചെയ്യൂ.ഓരോ ദിവസത്തെയും മത്സരവിജയികൾക്കുള്ള ട്രോഫികൾ അതത് ദിവസം വിതരണം ചെയ്യും.