
തിരുവനന്തപുരം: ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചുള്ള തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെ വാക്കുകൾ ആരാധക ലോകത്ത് ചർച്ചയാകുന്നു. നെറ്റ്ഫ്ലിക്സിൽ ഹിറ്റായ 'നയൻതാര ബിയോണ്ട് ദ ഫെയിറിടെയിൽ" എന്ന ഡോക്യുമെന്ററിയിലാണ് ഒരിക്കൽ താൻ അനുഭവിച്ച അവസ്ഥകൾ നയൻതാര വിവരിക്കുന്നത്. അന്നൊക്കെ എല്ലാദിവസവും പത്രത്തിൽ എന്നെക്കുറിച്ച് ഒരു വാർത്തയുണ്ടാകും. അതിലൂടെ കടന്നുപോകാൻ വളരെ ബുദ്ധിമുട്ടായിരുന്നു. മുറി അടച്ച് ദിവസം മുഴുവൻ ഇരുന്നുകരയും. ഒന്നും കഴിക്കില്ല. ഇതൊക്കെ സഹിക്കാൻ എന്റെ അമ്മയ്ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. നിങ്ങളുടെ മകളുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യണം എന്ന് പറയുന്ന ധാരാളം ആളുകൾ ചുറ്റുമുണ്ടായിരുന്നു. ഉടനെ അവളെ വിവാഹം കഴിപ്പിക്കണം. ജീവിതം കണ്ടെത്തണം. അവൾ തീർന്നു. അവളെ നന്നായി നോക്കൂ. അവൾ കുഴപ്പത്തിലാകാതിരിക്കാൻ ശ്രദ്ധിക്കു എന്നൊക്കെ അവർ പറഞ്ഞുകൊണ്ടിരുന്നു.
എന്റെ മുമ്പിൽ രണ്ടുവഴികൾ മാത്രം. ഒന്നുകിൽ നിങ്ങളുടെ ജീവിതം പൂർണമായും നശിപ്പിക്കുക. അതിനെക്കുറിച്ചോർത്ത് കരയുക, അല്ലെങ്കിൽ ശക്തിയോടെ എഴുന്നേറ്റ് മോശമായി പെരുമാറിയ ആളുകളെ നിങ്ങളുടെ വിജയം കൊണ്ട് അസ്വസ്ഥരാക്കുക. ഞാൻ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു-നയൻസ് പറയുന്നു.