road

നേമം: നാട്ടുകാരുടെ നിരന്തര പ്രക്ഷോഭത്തെ തുടർന്ന് ആരംഭിച്ച വെള്ളായണി ശിവോദയം - കിരീടം പാലത്തിന്റെ റോഡ് നിർമ്മാണം പാതിവഴിയിൽ നിലച്ചു.ഫണ്ട് തികയാത്തതാണ് നിർമ്മാണം നിലയ്ക്കാൻ കാരണം.

കല്ലിയൂർ പഞ്ചായത്തിലെ വെള്ളായണി ക്ഷേത്രത്തിന് മുന്നിലൂടെയുള്ള ശിവോദയം - കിരീടം പാലം റോഡുപണിയാണ് നിലച്ചത്.എം.വിൻസന്റ് എം.എൽ.എയുടെ 35 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ച് ഒക്ടോബർ ആദ്യവാരമാണ് നിർമ്മാണം തുടങ്ങിയത്.എന്നാൽ ഫണ്ട് തികയാതെ വന്നതോടെ നവംബർ 15ന് പണി നിറുത്തി കരാറുകാർ സ്ഥലംവിട്ടു. ചെയ്തതാകട്ടെ ഒരു കിലോമീറ്റർ റോഡിന്റെ ആദ്യം പൊളിച്ചിട്ട 600 മീറ്ററിന്റെ 470 മീറ്റർ ദൂരവും. ബാക്കിയുള്ള 130 മീറ്റർ മെറ്റലും മണ്ണുമിട്ട് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്.ആംബുലൻസിനുൾപ്പെടെ ഇതുവഴി വരാൻ പറ്റുന്നില്ല.യാത്രാദുരിതം കൂടിയതോടെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

എസ്റ്റിമേറ്റെടുത്തത് 35 ലക്ഷത്തിനാണ്. പണി ആരംഭിച്ചപ്പോൾ ഇവിടെ വെള്ളക്കെട്ടുള്ള സ്ഥലമായതിനാൽ വലിയ കുഴികളടച്ച് റോഡുയർത്തി ഇന്റർലോക്കിട്ട് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പണിയും തടഞ്ഞു. 35 ലക്ഷം ഫണ്ടുപയോഗിച്ച് ചെയ്യാവുന്ന ദൂരം റോഡ് തീർക്കാമെന്നേറ്റു. അതു ചെയ്യുന്നതിന് പകരം ഉദ്യോഗസ്ഥരും കോൺട്രാക്ടറും ചെയ്യാവുന്ന പരിധി കഴിഞ്ഞും റോഡ് കുത്തിപ്പൊളിച്ചിട്ടതാണ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്. ഇത് പരിശോധിക്കും.

എം.വിൻസന്റ്, എം.എൽ.എ