
ആസിഫ് അലിയെ നായകനാക്കി താമർ കെ.വി. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ 26ന് ദുബായിൽ ആരംഭിക്കും.
പൂർണമായും ദുബായിൽ ചിത്രീകരിക്കുന്ന ചിത്രത്തിൽ നിരവധി കുട്ടികളും അണിനിരക്കുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മാണം. 
ആയിരത്തൊന്ന് നുണകൾ എന്ന ചിത്രത്തിനുശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ടിക്കി ടാക്കയുടെ തുടർ ചിത്രീകരണം വൈകുന്നതിനാൽ ആസിഫ് അലി താമർ ചിത്രത്തിൽ ജോയിൻ ചെയ്യുകയാണ്. ഇൗ ചിത്രത്തിനുശേഷം ടിക്കി ടാക്കയിൽ അഭിനയിക്കും. ജീത്തു ജോസപ്, ചിദംബരം , മാത്തുക്കുട്ടി സേവ്യർ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ആസിഫ് അലിയാണ് നായകൻ.കൂമന്റെ വിജയത്തിനുശേഷം ആസിഫ് അലിയും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുകയാണ്.
ബിനു പപ്പുവിന്റെ രചനയിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ആസിഫ് അലിയാണ് നായകൻ. അതേസമയം ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രം ആണ് റിലീസിന് ഒരുങ്ങുന്ന ആസിഫ് അലി ചിത്രം. ജനുവരിയിൽ ചിത്രം റിലീസ് ചെയ്യും.
നവാഗതനായ സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ആഭ്യന്തര കുറ്റവാളിയാണ് മറ്റൊരു റിലീസ്.