
തിരുവനന്തപുരം: പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിന് സർക്കാർ 60 കോടി രൂപ കൂടി അനുവദിച്ചു. ഇതോടെ 2023- 24 അദ്ധ്യയന വർഷം അപേക്ഷിച്ച എല്ലാവർക്കും പഠന സഹായം ലഭിക്കും. പട്ടിക വർഗ വിദ്യാർത്ഥികളുടെ പഠന സഹായം പൂർണമായും കൊടുത്തെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു.
2023-24 അദ്ധ്യയന വർഷം ഇ-ഗ്രാന്റ്സ് പോർട്ടലിലൂടെ സാധുവായ അപേക്ഷ നൽകിയവർക്കെല്ലാം അക്കൗണ്ടിലേക്ക് പണം കൈമാറി. പട്ടികജാതിക്കാരായ കുട്ടികളുടെ ഉന്നത പഠനത്തിനായി മുൻ കുടിശികയുൾപ്പെടെ 270 കോടി രൂപ ഈ വർഷം നൽകി. പട്ടിക ജാതിക്കാരായ 1,34,782 വിദ്യാർത്ഥികളാണ് അപേക്ഷിച്ചിരുന്നത്.
2024-25 അദ്ധ്യയന വർഷത്തെ ഉന്നത പഠന സഹായത്തിന് 2025 ഫെബ്രുവരി 28 വരെ ഇ-ഗ്രാന്റ്സ് പോർട്ടലിലൂടെ അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തിൽ 303 കോടിയുടെയും പട്ടികവർഗ്ഗ വിഭാഗത്തിൽ 50 കോടിയുടെയും ചെലവാണ് പ്രതീക്ഷിക്കുന്നത്.
പട്ടികവർഗ്ഗ വിഭാഗത്തിൽ 14681 വിദ്യാർത്ഥികൾക്കാണ് 2023- 24 അദ്ധ്യയന വർഷത്തെ ഉന്നത പഠന സഹായം പൂർണമായും നൽകിയത്. പബ്ലിക് ഫണ്ട് മാനേജ്‌മെന്റ് സിസ്റ്റം വഴിയാണ് തുക കൈമാറുന്നത്. ശരാശരി 12 ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്കാണ് വർഷവും ഉന്നത പഠന സഹായം നൽകുന്നത്. വരുമാന പരിധിയുടെ പേരിൽ കേന്ദ്ര സർക്കാർ നിഷേധിച്ച തുക കൂടി ബഡ്ജറ്റിൽ അധികമായി വകയിരുത്തിയാണ് കേരളം പഠനാനുകൂല്യങ്ങൾ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
അയ്യൻകാളി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്പ്മെന്റ് സ്കീം അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 5,8 ക്ലാസുകളിൽ പഠിക്കുന്നവർക്ക് യു.പി, എച്ച്.എസ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം.
വിദ്യാർത്ഥികൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഗ്രേഡ് ലിസ്റ്റ്, ആധാർ, ബാങ്ക് പാസ് ബുക്ക്, സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം, കലാകായിക മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള രേഖകൾ എന്നിവ സഹിതം 30ന് മുമ്പ് അപേക്ഷിക്കണം.
താമസിക്കുന്ന പരിധിയിലെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് അതത് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.