
തിരുവനന്തപുരം: സജിചെറിയാനെതിരായ കേസ് ശാസ്ത്രീയമായ തെളിവുശേഖരണം പോലും നടത്താതെയാണ് എഴുതിത്തള്ളാൻ പൊലീസ് ശ്രമിച്ചത്. പ്രസംഗത്തിനെതിരേ പരാതി കിട്ടിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. ജാമ്യമില്ലാ വകുപ്പായിട്ടും സജിയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതുപോലുമില്ല.
2.29മണിക്കൂർ യോഗത്തിന്റെ വീഡിയോ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. 50മിനിറ്റ് പ്രസംഗിച്ച സജിചെറിയാൻ 2മിനിറ്റ് മാത്രമാണ് ഭരണഘടനയെക്കുറിച്ച് പറഞ്ഞതെന്നാണ് പൊലീസ് റിപ്പോർട്ട്.
പൊലീസിന്റെ കണ്ടെത്തലുകൾ
പ്രസംഗത്തിൽ മന:പൂർവ്വം ഭരണഘടനയെ അവഹേളിച്ചില്ല
തൊഴിലാളികളെ പറ്റി പ്രസംഗിച്ചപ്പോൾ വിമർശനാത്മകമായി ഭരണഘടനയെ പരാമർശിച്ചു.
കേസ് നിലനിൽക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകി
44സാക്ഷികളിൽ 39പേരും പരിപാടിയിൽ പങ്കെടുത്തവരാണ്.
പൊലീസിന്റെ വീഴ്ചകൾ
39സാക്ഷികളുടെ മൊഴിയെടുത്തെന്ന് പൊലീസ് പറയുമ്പോഴും ഒന്നാംസാക്ഷിയുടെ പോലും മൊഴിയെടുത്തില്ലെന്ന് ആരോപണം.
പാർട്ടിക്കാരെക്കൊണ്ട് സജിചെറിയാന് അനുകൂലമായി മൊഴിനൽകിച്ചു.
പ്രസംഗത്തിന്റെ വീഡിയോ പകർത്തിയ സി.പി.എം നേതാവിന്റെ മകന്റെ വിശദമൊഴിയുമെടുത്തില്ല.
പൊലീസിന്റെ ആദ്യ റിപ്പോർട്ട് അപൂർണമാണെന്നു കണ്ട് കോടതി തിരികെ നൽകിയിരുന്നു