
തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമർശ കേസിലെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാൻ. കോടതി ഉത്തരവ് അംഗീകരിക്കുന്നു. തന്റെ ഭാഗം കൂടി കോടതി കേൾക്കേണ്ടിയിരുന്നു. പൊലീസ് വിശദമായി അന്വേഷിച്ചാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ട് മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസംഗത്തിന്റെ ഉള്ളടക്കത്തിലേക്ക് കോടതി പോയിട്ടില്ലെന്നാണ് തോന്നുന്നത്. ധാർമ്മികതയുടെ പേരിലാണ് അന്ന് രാജിവച്ചത്. അതിന്റെ സമയം കഴിഞ്ഞു. ഒരു കോടതി ശരിയെന്നും മറ്റൊന്ന് തെറ്റെന്നുമാണ് പറഞ്ഞിട്ടുള്ളത്. ഉത്തരവ് പഠിച്ച് നിയമനടപടിയുമായി മേൽക്കോടതിയെ സമീപിക്കും. പൊലീസ് അന്വേഷിക്കാത്ത ചില ഭാഗങ്ങളുണ്ട്. അതും അന്വേഷിക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളതെന്നും സജി ചെറിയാൻ വ്യക്തമാക്കി.
സജി രാജിവയ്ക്കണം: വി.ഡി. സതീശൻ
ഭരണഘടനാവിരുദ്ധ പരാമർശത്തിന്റെയും ഹൈക്കോടതി വിധിയുടെയും പശ്ചാത്തലത്തിൽ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സജി മന്ത്രി സ്ഥാനത്ത് തുടരവേ പൊലീസ് നൽകിയ റിപ്പോർട്ട് സ്വീകാര്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
ഭരണഘടനയെ അപമാനിച്ച സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തതിലൂടെ തെറ്റായ നടപടിയാണ് മുഖ്യമന്ത്രി ചെയ്തത്. മന്ത്രിസഭാ പുനപ്രവേശം തെറ്റായിരുന്നെന്ന പ്രതിപക്ഷ നിലപാട് ഒന്നുകൂടി അടിവരയിടുന്നതാണ് ഹൈക്കോടതി വിധി.
പൊലീസിൽ ആർ.എസ്.എസ് നുഴഞ്ഞുകയറ്റമുണ്ടെന്ന് ആദ്യം പറഞ്ഞത് ആനി രാജയാണ്. സിവിൽ സർവീസിലും നുഴഞ്ഞു കയറ്റമുണ്ട്. ഇക്കാര്യം വ്യക്തമായിട്ടും വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ കേസെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. വാട്സ്ആപ്പുണ്ടാക്കിയ ഉദ്യോഗസ്ഥനെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. യു.ഡി.എഫ് പ്രതീക്ഷിച്ച പോളിംഗ് ശതമാനമാണ് പാലക്കാട്ടുണ്ടായത്. യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളിലെല്ലാം കൃത്യമായ പോളിംഗ് നടന്നിട്ടുണ്ട്. അഞ്ച് തവണയാണ് പ്രവർത്തകർ വീടുകൾ കയറിയത്. മറ്റുള്ളവരുടെ അവകാശവാദങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയായിരുത്തി അന്വേഷണം പ്രഹസനം: കെ.സുധാകരൻ
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ ഒരുനിമിഷം പോലും അധികാരത്തിൽ തുടരരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. അദ്ദേഹത്തെ മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കും. അധികാരത്തിൽ കടിച്ചുതൂങ്ങിക്കിടക്കാൻ ശ്രമിക്കുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണം.
സജി ചെറിയാനെ പുറത്താക്കണം: വി.മുരളീധരൻ
ഭരണഘടനാവിരുദ്ധ പരാമർശത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ, സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് വി. മുരളീധരൻ. മുമ്പ് രാജി വയ്ക്കാൻ കാരണമായിട്ടുള്ള സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുമ്പോൾ സജി ചെറിയാൻ മന്ത്രിസഭയിൽ തുടരുന്നതിന്റെ സാംഗത്യം നഷ്ടപ്പെട്ടു. സജി മന്ത്രിസഭയിൽ തുടർന്നാൽ നിഷ്പക്ഷമായ അന്വേഷണം നടക്കില്ല.
സജി ചെറിയാൻ രാജിവയ്ക്കണം: പി.കെ. കുഞ്ഞാലിക്കുട്ടി
ഭരണഘടനാവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ അന്വേഷണം നടക്കുമ്പോൾ സജി ചെറിയാൻ മന്ത്രിയായി തുടരുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുമ്പ് അന്വേഷണം നടക്കുമ്പോൾ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് അദ്ദേഹം രാജിവച്ചത്. സമാന സാഹചര്യമാണ് ഇപ്പോഴുള്ളത്. പൊലീസിന്റെ കേസന്വേഷണം ഫലപ്രദമായി നടക്കണമെങ്കിൽ അദ്ദേഹം മന്ത്രിസ്ഥാനത്തു നിന്ന് മാറിനിൽക്കുക എന്നതാണ് കീഴ്വഴക്കം. അതുകൊണ്ടുതന്നെ അദ്ദേഹം രാജിവയ്ക്കുന്നതാകും ഉത്തമം.
മന്ത്രി സജി ചെറിയാനെ പുറത്താക്കണം: കെ. സുരേന്ദ്രൻ
ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചുവെന്ന ആരോപണത്തിൽ തുടരന്വേഷണം നടത്തണമെന്ന ഹൈക്കോടതി വിധിയുണ്ടായ സാഹചര്യത്തിൽ സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പൊലീസ് അന്വേഷണത്തിൽ ഗുരുതരവീഴ്ചയുണ്ടെന്ന കോടതി നിരീക്ഷണം മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും തിരിച്ചടിയാണ്.ഭരണഘടനയെ അവഹേളിച്ചുവെന്ന ആരോപണം നേരിടുന്നയാളെ നിയമനടപടികളിൽ നിന്ന് രക്ഷിക്കാനും മന്ത്രിസഭയിൽ നിലനിറുത്താനും മുഖ്യമന്ത്രി ശ്രമിച്ചുവെന്നത് ഗൗരവമുള്ള കാര്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സജി ചെറിയാൻ രാജിവയ്ക്കണം: ജസ്റ്റിസ് കെമാൽ പാഷ
ധാർമ്മികതയുടെ പേരിലാണെങ്കിൽ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് ഹൈക്കോടതി മുൻ ജഡ്ജികെമാൽ പാഷ പറഞ്ഞു. പ്രസംഗം മാദ്ധ്യമങ്ങൾ റെക്കാഡ് ചെയ്തതിനാൽ കൂടുതൽ അന്വേഷണം നടത്താതെ തന്നെ എന്താണ് ഉദ്ദേശിച്ചതെന്നു മനസിലാക്കാം. ഭരണഘടനയെ ആക്ഷേപിക്കാൻ ഉദ്ദേശ്യമില്ലായിരുന്നെന്നാണ് വാദം. ഇവരൊക്കെ പറയുന്നതും പ്രസംഗിക്കുന്നതും ഒന്നും ഉദ്ദേശിക്കാതെയാണോ?