
ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ റസൽപ്പുരം വാർഡിൽ കനാലിനോട് ചേർന്നുള്ള ചാനൽപ്പാലം-റസൽപ്പുരം റോഡ് വഴിയുള്ള വാഹനയാത്ര വെല്ലുവിളിയാകുന്നു. ചാനൽപ്പാലം ജംഗ്ഷൻ കഴിഞ്ഞ് അമ്പത് മീറ്റർ എത്തിയാൽ കൊടിയ വളവാണ്. അമിതവേഗതയിലാണ് എതിർദിശയിൽ നിന്നും വാഹനങ്ങളെത്തുന്നത്. ശ്രദ്ധമാറിയാൽ വാഹനങ്ങൾ ദിശ തെറ്റി കനാലിൽ പതിക്കും. നിലവിൽ റോഡ് ആരംഭിക്കുന്ന ചാനൽപ്പാലം ജംഗ്ഷൻ മുതൽ ചെട്ടിനാട് സിമന്റ് ഗോഡൗണിനു സമീപം വരെ കനാൽറോഡിന് സംരക്ഷണഭിത്തിയില്ല.
കൊച്ചുകുട്ടികളും വഴിയാത്രക്കാരുൾപ്പെടെ നിരവധി പേരാണ് ദിവസവും ഇതുവഴി പോകുന്നത്. ഇവിടെ തെരുവ് വിളക്കുകളില്ലാത്തതിനാൽ രാത്രിയിൽ കനാലിനരികിലൂടെ സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്. റോഡിനും കനാലിനുമിടയിൽ അരമീറ്റർ പോലും അകലമില്ല.
പ്രവർത്തനം നടക്കുന്നു
നാട്ടുകാരുടെ പരാതി ശക്തമായപ്പോൾ രണ്ട് വർഷങ്ങൾക്ക് മുമ്പ് അമ്പത് മീറ്റർ ഭാഗത്ത് ഇരുമ്പ് വേലി തീർത്ത് സംരക്ഷണഭിത്തി നിർമ്മിച്ചിരുന്നു. സിമന്റ് ഗോഡൗണിനു സമീപം വരെ ഇരുന്നൂറ് മീറ്ററോളം ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. കിഫ്ബി ഫണ്ടുപയോഗിച്ച് ചാനൽപ്പാലം മുതൽ റസൽപ്പുരം വരെ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. റോഡിന്റെ ചില ഭാഗങ്ങളിൽ മെറ്റലിട്ട് കൂടുതൽ വിസ്തൃതിയിലും നിർമ്മാണപ്രവർത്തനം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കനാലിനോടു ചേർന്നുള്ള ഭാഗത്തെ പാഴ്ച്ചെടികളും പുല്ലുകളും ജെ.സി.ബി ഉപയോഗിച്ച് നീക്കിയതോടെ റോഡിനോട് ചേന്നുള്ള ഭാഗത്തെ വീതിയും കുറഞ്ഞു. ഇതോടെ കനാലിനോട് ചേർന്നാണ് വാഹനങ്ങൾ പോകുന്നത്.
സംരക്ഷണഭിത്തി നിർമ്മിക്കണം
റോഡ് ടാറിംഗ് പൂർത്തിയാകുന്നതോടെ വാഹനങ്ങളുടെ സഞ്ചാരവേഗവും വർദ്ധിച്ച് അപകട സാദ്ധ്യതയുണ്ടാകും. റോഡ് ടാറിംഗിനോടൊപ്പം സംരക്ഷണഭിത്തി നിർമ്മിക്കാൻ ഫണ്ട് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തെ വാട്ടർ അതോറിട്ടി പൈപ്പിടാൻ കുഴികളെടുത്ത സാഹചര്യത്തിൽ മാസങ്ങളോളം റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. റീടാറിംഗ് വൈകിപ്പിച്ചതും റോഡ് പൊട്ടിപ്പൊളിയാൻ കാരണമായി.
ആവശ്യം ശക്തം
ത്രിതലപഞ്ചായത്ത് ഫണ്ട് വിനിയോഗത്തിന്റെ കാലാവാധി ഇനി ആറുമാസമേ അവശേഷിക്കുന്നുള്ളൂ. ഇതിനിടിയിൽ ജനപ്രതിനിധികൾ ഇടപെട്ട് പ്രത്യേക ഫണ്ട് അനുവദിച്ച് ചാനൽപ്പാലം-റസൽപ്പുരം റോഡിൽ സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ജനപ്രതിനിധികളടക്കം നിരവധിപേരാണ് ഇതിലൂടെ ദിവസവും പോകുന്നത്.