
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച സജിചെറിയാനെ രണ്ടാംവട്ടം മന്ത്രിയാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ തയ്യാറായിരുന്നില്ല. തന്റെ ശുപാർശ ദിവസങ്ങളോളം അംഗീകരിക്കാതിരുന്ന ഗവർണറെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചാണ് അനുനയിപ്പിച്ചത്. പൊലീസ് റിപ്പോർട്ട് അനുകൂലമാണെന്നും കേസ് എഴുതിത്തള്ളാമെന്ന നിയമോപദേശം ഉണ്ടെന്നും മുഖ്യമന്ത്രി ഗവർണറോട് പറഞ്ഞു. പൊലീസ് റിപ്പോർട്ടും ഹാജരാക്കി. ഈ റിപ്പോർട്ട് കോടതി തള്ളിയത് സർക്കാരിനും തിരിച്ചടിയാണ്.
അത്രയ്ക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ താൻ എതിർക്കുന്നില്ലെന്നും തീരുമാനത്തിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായിരിക്കുമെന്നുമുള്ള മുന്നറിയിപ്പോടെയാണ് ഗവർണർ സത്യപ്രതിജ്ഞ അനുവദിച്ചത്.
കോടതി പരാമർശത്തെ തുടർന്നല്ല, ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് സജിചെറിയാൻ രാജിവച്ചതെന്നും വീണ്ടും മന്ത്രിയാവുന്നതിൽ യാതൊരു നിയമപ്രശ്നവും ഇല്ലെന്നും വിശദീകരിച്ച് മുഖ്യമന്ത്രി കത്ത് നൽകിയതോടെയാണ് ഗവർണർ വഴങ്ങിയത്. സത്യപ്രതിജ്ഞാ വേദിയിൽ വച്ച് കേസ് രേഖകൾ രാജ്ഭവനിലെത്തിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരു കെട്ട് രേഖകൾ എത്തിച്ചു. രേഖകളുടെ ആധികാരികത മുഖ്യമന്ത്രിയാണ് ഉറപ്പാക്കേണ്ടതെന്നും ഗവർണർ നിലപാടെടുത്തിരുന്നു.
തിരുവല്ല പൊലീസ് ക്ലീൻ ചിറ്റ് റിപ്പോർട്ട് കോടതിയിൽ നൽകിയതിന് പിന്നാലെയാണ് സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ സി.പി.എം സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചത്. അതിനിടെ, സജി ചെറിയാനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന സ്വകാര്യ ഹർജിയിൽ, അതിന് നിയമവ്യവസ്ഥയില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.