saji

തിരുവനന്തപുരം: രാഷ്ട്രീയസ്വാധീനമുള്ളവരടക്കം വമ്പന്മാർക്കെതിരെ തെളിവു കണ്ടെത്താതെ, കേസുകൾ എഴുതിത്തള്ളണമെന്ന് കോടതികളിൽ ആവശ്യപ്പെടുന്ന പൊലീസിന് തുടർക്കഥപോലെ തിരിച്ചടി. നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരായ കേസിൽ മർദ്ദനത്തിന് തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് മന്ത്രി സജിചെറിയാനെതിരായ കേസ് എഴുതിത്തള്ളാനുള്ള റിപ്പോർട്ടും തള്ളി തുടരന്വേഷണത്തിന് ഉത്തരവായത്. സത്യസന്ധരായ ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്ന പരാമർശം പൊലീസിന് നാണക്കേടുമായി.

ദൃശ്യമാദ്ധ്യമങ്ങളിലൂടെ ലോകംമുഴുവൻ കണ്ട വീഡിയോ ഉണ്ടായിരിക്കെയാണ്, തെളിവില്ലെന്ന പേരിൽ രണ്ടു കേസുകളും എഴുതിത്തള്ളാനൊരുങ്ങിയത്. ഗൺമാൻമാരുടെ കേസിൽ പ്രതികൾക്ക് അനുകൂലമായിരുന്നു ക്രൈംബ്രാഞ്ച്. മർദ്ദനത്തിന് തെളിവില്ലെന്ന് പറഞ്ഞപ്പോൾ മർദ്ദനമേറ്റ കെ.എസ്.യു, യൂത്ത്കോൺഗ്രസ് നേതാക്കൾ മർദ്ദനവീഡിയോ കോടതിയിൽ ഹാജരാക്കി. വീഡിയോ തെളിവാക്കിയെടുത്ത് തുടരന്വേഷണം നടത്താനാണ് ഉത്തരവ്. മർദ്ദനദൃശ്യങ്ങൾ കിട്ടിയില്ലെന്ന് ആദ്യം പറഞ്ഞ ക്രൈംബ്രാഞ്ച് പിന്നീട് പൊലീസ് ഫോട്ടോഗ്രാഫറെടുത്ത വീഡിയോ ഹാജരാക്കി. ചാനലുകളിൽ വന്ന വീഡിയോ പൊലീസ് ശേഖരിക്കാത്തതിനെ കോടതി വിമർശിച്ചിരുന്നു.

സജിചെറിയാന്റെ കേസിലും പ്രസംഗത്തിന്റെ വീഡിയോയുണ്ടായിട്ടും ശാസ്ത്രീയ തെളിവുശേഖരണം പോലും നടത്താതെയാണ് കേസ് അവസാനിപ്പിക്കാനൊരുങ്ങിയത്. 420 പേജുള്ള കേസ്ഡയറിയിൽ മന്ത്രിക്കനുകൂലമായ മൊഴികളാണേറെയും. പരാതിക്കാരുടെ മൊഴി പോലും പേരിനാണെടുത്തത്. ആറു മുതൽ 39വരെ സാക്ഷികളായി പാർട്ടിക്കാരെ ഉൾപ്പെടുത്തി. ഭരണഘടനയെ അവഹേളിച്ചില്ല, വിമർശിച്ചതാണെന്ന് വ്യാഖ്യാനിക്കുകയും ചെയ്തു. മന്ത്രിക്കെതിരെ നിരവധി പരാതികൾ കിട്ടിയിട്ടും കേസെടുക്കാതിരുന്ന പൊലീസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടതോടെയാണ് കേസെടുത്തത്. നാലുമാസം കൊണ്ട് കേസ് എഴുതിത്തള്ളണമെന്ന റിപ്പോർട്ടും നൽകി. കേസായതോടെ സി.പി.എം കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് പ്രസംഗത്തിന്റെ വീഡിയോ നീക്കിയിരുന്നു. ഇത് ശാസ്ത്രീയമായി വീണ്ടെടുത്തുള്ള തെളിവുശേഖരണത്തിനും പൊലീസ് ശ്രമിച്ചില്ല.

 നിയമനത്തട്ടിപ്പിലും എഴുതിത്തള്ളൽ

കേരളസർവകലാശാല അസിസ്റ്റന്റ് നിയമനത്തട്ടിപ്പ് തെളിവില്ലെന്ന പേരിൽ എഴുതിത്തള്ളാനുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കം വിജിലൻസ് കോടതി തടഞ്ഞിരുന്നു. പരാതിക്കാരന്റെ മൊഴിപോലുമെടുക്കാതെയായിരുന്നു ഇത്. ഉത്തരക്കടലാസുകൾ നശിപ്പിച്ചും മാർക്ക് സേവ്ചെയ്ത കമ്പ്യൂട്ടർ ഒളിപ്പിച്ചും വേണ്ടപ്പെട്ടവരെ നിയമിച്ചതാണ് കേസ്.