
തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പരാമർശ കേസിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെ, മന്ത്രി സജി ചെറിയാൻ വീണ്ടും രാജിവയ്ക്കണമെന്ന
ആവശ്യം കടുപ്പിച്ച് യു.ഡി.എഫും, ബി.ജെ.പിയും. എന്നാൽ, 2022ൽ മന്ത്രി രാജിവച്ച സാഹചര്യം നിലവിലില്ലെന്നാണ് സി.പി.എം നിലപാട്.
ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും ഇടതുമുന്നണി യോഗത്തിലും വിഷയം ചർച്ചയായേക്കും. ഹൈക്കോടതി വിധി തന്നെ കേൾക്കാതെയാണെന്നുള്ള മന്ത്രിയുടെ വാദവും പാർട്ടി മുഖവിലയ്‌ക്കെടുത്തേക്കും. കോടതി വിധിയിൽ അന്വേഷണത്തിന് സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്നതും പരിഗണിക്കും.ഭരണഘടനാ വിരുദ്ധ പരാമർശമായതിനാൽ സി.പി.ഐയുടെ നിലപാടും നിർണായകമാവും.
2022ൽ മല്ലപ്പള്ളിയിൽ നടന്ന യോഗത്തിൽ ഭരണഘടനയെ സംബന്ധിക്കുന്ന വിവാദ പരാമർശങ്ങൾ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായപ്പോൾ രാജി വേണ്ടെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. നാക്ക് പിഴയാണെന്ന വിശദീകരണമാണ് അന്ന് സജി ചെറിയാൻ പാർട്ടി സംസ്ഥാന നേതൃത്വത്തിന് നൽകിയത്. എന്നാൽ വിഷയത്തിൽ കർശന നടപടി മന്ത്രിക്കെതിരെ വേണമെന്ന് കേന്ദ്ര നേതൃത്വം നിലപാടെടുത്തു. പ്രതിപക്ഷ പ്രക്ഷോഭത്തിന്റെയും, നിയമ വിദഗ്ദ്ധരുടെ അഭിപ്രായത്തിന്റേയും അടിസ്ഥാനത്തിൽ രാജിക്ക് മന്ത്രി നിർബന്ധിതനാവുകയായിരുന്നു.
വിവാദവാക്കുകൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞതും തയ്യാറാക്കി കൊടുത്തതുമായ ഒരു ഭരണഘടന ഇന്ത്യക്കാരൻ എഴുതിവച്ചു. അതിൽ കുറച്ച് മുക്കും മൂലയിലുമൊക്കെ ഗുണങ്ങളിട്ടിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം. എന്നു വച്ചാൽ... മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം ഒക്കെ അതിന്റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന പുസ്തകം. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയിൽ. അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരൻമാരും ഇന്ത്യയിൽ വളരുന്നത്.