നെടുമങ്ങാട്: ബ്രോയിലർ കോഴികളിൽ ആന്റിബയോട്ടിക്, കൃത്രിമ ഹോർമോൺ ഉപയോഗം വ്യാപകമാണെന്ന പ്രചാരണത്തിൽ ബാലൻസ് തെറ്റി പൗൾട്രിഫാം മേഖല. ഇറച്ചിക്കോഴിയുടെ വില കുത്തനെ കുറച്ച് തമിഴ്നാട്ടിലെ വൻകിട കോഴി ഫാം ലോബികൾ കേരളത്തിൽ സ്വന്തമായി കോഴിവളർത്തുന്നവരെ പ്രതിസന്ധിയിലാക്കിയതിനു പിന്നാലെയാണ് ബ്രോയിലർ കോഴികളെ ഹോർമോൺ കുത്തിവച്ച് വലുതാക്കുന്നു എന്ന പ്രചാരണം. രണ്ടാഴ്ചയിലേറെയായി കോഴിവിൽപ്പനയിൽ ഗണ്യമായ കുറവാണു റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
പ്രതിദിനം അറുപതിനായിരത്തോളം കോഴികളുടെ വില്പന നടന്നിരുന്ന തലസ്ഥാന ജില്ലയിൽ ഇപ്പോൾ നേർപകുതിയായി.വായ്പയെടുത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പല ഫാമുകളും മുടക്കുമുതൽ പോലും ലഭിക്കാതെ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു. ഉത്പാദന ചെലവിന്റെ പകുതിയും തിരികെ ലഭിക്കുന്നില്ല.
ചെറുകിട കർഷകർക്ക് തിരിച്ചടിയായി
സാഹചര്യം മുതലാക്കി ഫാമുകൾ ഏറ്റെടുത്തു നടത്താൻ തമിഴ്നാട്,കർണാടക ലോബികളും ചില സ്വകാര്യ കമ്പനികളും രംഗത്തിറങ്ങിയിട്ടുണ്ട്. വൻതോതിൽ കോഴിക്കുഞ്ഞുങ്ങൾ ഇറക്കുമതി ചെയ്ത് നാട്ടിലെ കർഷകരുടെ പള്ളയ്ക്കടിക്കുകയാണ് ഇത്തരം ലോബികൾ. ഇവരുടെ ബ്രോയിലർ ഫാമുകളിൽ ആന്റിബയോട്ടിക്കുകൾ, ഗ്രോത്ത് പ്രൊമോട്ടറുകൾ തുടങ്ങിയ മരുന്നുകളുടെ അനിയന്ത്രിത ഉപയോഗവും നടക്കുന്നുണ്ട്. ഇതിനെ മറയാക്കിയാണ് പ്രചാരണമെങ്കിലും പ്രതിസന്ധിയിലായത് രണ്ടും മൂന്നും സെന്റ് സ്ഥലത്ത് ശാസ്ത്രീയമായി കോഴിവളർത്തൽ കൃഷി ചെയ്ത് ഉപജീവനം നടത്തുന്നവരാണ്.
വരവിന്റെ ഇരട്ടി ഉത്പാദനച്ചെലവ്
44 രൂപയാണ് ഇപ്പോൾ കോഴിവില. ഒരു കിലോ കോഴി ഉത്പാദിപ്പിക്കാൻ 105 രൂപയാണ് ചെലവ്. ഒരു കോഴിക്ക് 2.100 കി.ഗ്രാമാണ് പരമാവധി തൂക്കം.കോഴി വളർച്ചയ്ക്ക് മൂന്നര കിലോ തീറ്റ വേണമെന്നാണ് കണക്ക്. ഒരുകിലോ തീറ്റ വില മാത്രം 44 രൂപയാവും.വൈദുതി,വെള്ളം,നിലത്തു വിരിക്കാനുള്ള മരപ്പൊടി ഇതിനെല്ലാം വിലവർദ്ധനവാണ്. വൺടൈം ടാക്സ്, ലേബർ ടാക്സ്, ബിൽഡിംഗ് ടാക്സ് തുടങ്ങി ഭീമമായ തുക നികുതിയിനത്തിലും ചെലവാകും.കമ്മിഷൻ വ്യവസ്ഥയിൽ ബ്രോയിലർ കോഴികളെ വളർത്തുന്നവർക്ക് 20 വർഷം മുൻപ് നിശ്ചയിച്ച നിരക്കാണ് ഇപ്പോഴും ലഭിക്കുന്നത്.
കോഴിഫാം മേഖലയെ കേന്ദ്ര സർക്കാർ കൃഷിയായി അംഗീകരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന ഗവണ്മെന്റ് ആശ്വാസ നടപടികൾ കൈക്കൊള്ളുന്നതിൽ തികഞ്ഞ അവഗണന പുലർത്തുന്നതായാണ് കർഷകരുടെ പരാതി.
കോഴിവളർത്തൽ മേഖലയെ സംസ്ഥാന സർക്കാർ കൃഷിയായി അംഗീകരിക്കണം. എല്ലാവിധ നികുതികളും ഒഴിവാക്കണം.തമിഴ്നാട്,കർണാടക കോഴിഫാം ലോബികളുടെ അനധികൃത കോഴി ഇറക്കുമതി അടിയന്തരമായി തടയണം.ബ്രോയിലർ കോഴികളെ വളർത്തുന്നവർക്ക് കമ്മിഷൻ കിലോയ്ക്ക് മിനിമം 10രൂപയാക്കണം""
പ്രിൻസ്.എം.വിതുര (പ്രസിഡന്റ്, പൗൾട്രി ഫാർമേഴ്സ്
വെൽഫെയർ അസോസിയേഷൻ)