തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് പട്രോൾ സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായി ഹോവർ ബോർഡ് ഇലക്ട്രിക് സ്‌കൂട്ടർ പട്രോളിംഗ് ആരംഭിച്ചു. ഇതിനായി നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വൈദ്യുതി ഹോവർ ഇലക്ട്രിക് സെൽഫ് ബാലൻസിംഗ് സ്‌കൂട്ടറുകൾ മന്ത്രി എം.ബി. രാജേഷ് സിറ്റി പൊലീസ് കമ്മീഷണർ ജി.സ്പർജൻകുമാറിന് കൈമാറി. ഇതോടെ ഹോവർ ബോർഡിൽ പൊലീസുകാരെ ഒന്നിലധികം റൂട്ടുകളിൽ പട്രോളിംഗിനായി നിയോഗിക്കാം.
10 ഇലക്ട്രിക്‌ ഹോവറുകളാണ്‌ ആദ്യഘട്ടത്തിൽ നൽകിയത്‌. മാനവീയം വീഥിയിൽ നടന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സി.എസ്. സുജാ ദേവി, ക്ളൈനസ് റൊസാരിയോ,‌ മേടയിൽ വിക്രമൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു തുടങ്ങിയവർ പങ്കെടുത്തു.

മാനവീയം, ശംഖുംമുഖം

ആദ്യ ഘട്ടത്തിൽ മാനവീയം വീഥി, ശംഖുംമുഖം ഭാഗത്താണ് ഹോവർ ബോർഡ് ഇലക്ട്രിക് സ്‌കൂട്ടർ പട്രോളിംഗ് നടത്തുന്നത്.

ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കും വാഹനത്തിരക്കിനിടയിലൂടെ സുഗമമായി സഞ്ചരിക്കാം. ആയാസമില്ലാതെ കൂടുതൽ ദൂരം സഞ്ചരിച്ച് നിരീക്ഷണം നടത്താനുമാവും. കൊച്ചിയിൽ പദ്ധതി വിജയകരമായ സാഹചര്യത്തിലാണ് തലസ്ഥാനത്തേക്കുകൂടി സ്കൂട്ടർ വ്യാപിപ്പിച്ചത്.

 ഇലക്ട്രിക് സ്‌കൂട്ടർ

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്രവാഹനമാണ് ഹോവർ ബോർഡ് ഇലക്ട്രിക് സ്‌കൂട്ടർ. 2 ലക്ഷം രൂപയാണ് വില. ഒറ്റത്തവണ ചാർജ്ജ്‌ ചെയ്‌താൽ 35 കിലോമീറ്റർ ദൂരം സഞ്ചരിക്കാം. റിമോട്ട് ഉപയോഗിച്ച് ഓണാക്കി വിവിധ മോഡുകൾ തിരഞ്ഞെടുക്കാനാകും. ശബ്ദമലിനീകരണം ഇല്ലാതെ പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുമുണ്ട്. മണിക്കൂറിൽ 25 കിലോ മീറ്ററാണ്‌ പരമാവധി വേഗത.

സുരക്ഷാപരിശോധനയിൽ ആധുനികവും മികച്ച സൗകര്യവുമുള്ള നഗരമായി മാറുന്നതിന്റെ ഭാഗമായാണ് വൈദ്യുതി ഹോവർ പൊലീസ് സേനക്ക് കൈമാറുന്നത്. ഇവ ശരിയായി വിനിയോഗിക്കാനും പരിപാലിക്കാനും സേനയ്ക്ക് കഴിയണം.

എം.ബി .രാജേഷ്

ഹോവർ സ്കൂട്ടർ പരിശോധനകൾ മികച്ച രീതിയിൽ നടത്തും. ഇവ ശരിയായി വിനിയോഗിക്കുകയും പരിപാലിക്കുകയും ചെയ്യും.

ജി .സ്പർജൻകുമാർ സിറ്റി പൊലീസ് കമ്മീഷണർ