തിരുവനന്തപുരം: ഒരിറ്റ് ഉമിനീ‌ർ മതി നിങ്ങളുടെ ജീവിതം മാറി മറിയാൻ. എം.ഡി.എം.എയുടെ ഉപയോഗമടക്കം കണ്ടെത്താൻ കഴിയുന്ന ‘ഓറൽ ഫ്ലൂയിഡ്‌ മൊബൈൽ ടെസ്റ്റ്‌ സിസ്റ്റം’ പൊലീസ് ആരംഭിച്ചതോടെ അഞ്ച്‌ മിനിറ്റ് മതി വിവരമറിയാൻ. എം.ഡി.എം.എ, കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്‌തുക്കൾ ഉപയോഗിച്ച്‌ കറങ്ങിനടക്കുന്നവരെ പിടികൂടാൻ നഗരസഭ സ്‌മാർട്ട്‌ സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസിന്‌ ലഭ്യമാക്കിയതാണ് ഈ ആധുനിക മെഷീൻ.

 ആദ്യഘട്ടത്തിൽ 1,100 ടെസ്റ്റുകൾ

ആദ്യഘട്ടത്തിൽ 1,100 ടെസ്റ്റുകൾക്കുള്ള സൗകര്യമാണുള്ളത്. പരിശോധനയിൽ ആറിനം ലഹരി വസ്‌തുക്കളുടെ സാന്നിദ്ധ്യം നിർണയിക്കാനാകും. പൊതുയിടങ്ങൾ, ബസ്‌ സ്റ്റാൻഡ്‌ എന്നിവിടങ്ങളിലെല്ലാം പൊലീസ്‌ നിരീക്ഷണം നടത്തി സംശയം തോന്നുന്നവരെ പരിശോധിക്കും.

ഒരു മിനിട്ടിനുള്ളിൽ സാമ്പിൽ, 5 മിനിട്ടിനുള്ളിൽ ഫലം

ഒരു മിനിറ്റിനുള്ളിൽ സാമ്പിൾ ശേഖരിക്കാൻ കഴിയും. കാട്രിഡ്‌ജിൽ ശേഖരിച്ച ഉമിനീർ ഉപകരണത്തിൽ വച്ചു പരിശോധിക്കും. അഞ്ചു മിനിറ്റിനുള്ളിൽ ഫലം ലഭിക്കും. ഏതുതരം ലഹരിയാണ്‌ ഉപയോഗിച്ചതെന്ന വിവരങ്ങൾ അറിയാനാകും. പരിശോധനഫലം പ്രിന്റ്‌ എടുക്കുന്നതിനുള്ള സൗകര്യവും ഉണ്ട്‌. ഇത്‌ കോടതിയിൽ തെളിവായി സമർപ്പിക്കാം. 48 മണിക്കൂർ മുമ്പുവരെയുള്ള ലഹരി ഉപയോഗം ഇത്തരം പരിശോധനയിലൂടെ കണ്ടെത്താൻ കഴിയും. മാനവീയം വീഥിയിൽ നടന്ന ചടങ്ങിൽ ഓറൽ ഫ്ലൂയിഡ്‌ മൊബൈൽ ടെസ്റ്റ്‌ സിസ്റ്റം മന്ത്രി എം.ബി. രാജേഷാണ് സിറ്റി പൊലീസ് കമ്മീഷണർ ജി. സ്പർജൻ കുമാറിന് കൈമാറിയത്. ഇത് ഇന്നുമുതൽ ഉപയോഗിച്ച് തുടങ്ങും.