തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഭൂരിഭാഗം സ്ഥലത്തും സ്ഥാപിച്ചിരിക്കുന്ന തെരുവ് വിളക്കുകൾ ഒന്നും പ്രകാശിക്കുന്നില്ല.നഗരത്തിലെ പ്രധാന സുരക്ഷാകേന്ദ്രങ്ങളായ കവടിയാർ,മ്യൂസിയം ഭാഗത്തും തെരുവ് വിളക്ക് കത്തുന്നില്ലെന്നത് ഗൗരവതരമാണ്.
ഉടനെ ശരിയാക്കമെന്ന നഗരസഭ ഭരണസമിതിയുടെ വാക്കുകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. കേടായവ അറ്റകുറ്റപ്പണികൾ നടത്തി ആറുമാസം തികയും മുൻപേ മിക്ക വാർഡുകളിലെയും മുക്കാലോളം തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമായി.
ഈ സാമ്പത്തിക വർഷം പദ്ധതിക്ക് നീക്കിവച്ച തുക പൂർണമായി വിനിയോഗിച്ചെങ്കിലും തെരുവ് വിളക്കുകൾ എന്ന് പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർക്കും അറിയില്ല.പ്രധാന വീതികളിലും ഇടറോഡുകളിലും വൈകിട്ടും രാത്രിയുമായി സഞ്ചരിക്കുന്നവർക്ക് വെളിച്ചമില്ലാത്തത് ബുദ്ധിമുട്ടാകുന്നുണ്ട്.
വിമാനത്താവളം റോഡിൽ ചാക്ക മുതൽ ജനറൽ ആശുപത്രി വരെയുള്ള സ്ഥലത്ത് ഒരു തെരുവ് വിളക്ക് പോലും കത്തുന്നില്ല.കേരള റോഡ് ഫണ്ടിന്റെ അതീനതയിലുള്ളതാണ് ഈ റോഡ്.ഇതുകൂടാതെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശംഖുംമുഖത്തേക്കുള്ള വഴിയും കോവളത്തേക്കുള്ള വഴിയിലും ഒരു തെരുവ് വിളക്ക് പേരിനുപോലും കത്തുന്നില്ല.അതീവ സുരക്ഷാ മേഖലയായ നിയമസഭ പരിസരം,സെക്രട്ടേറിയറ്റ് പൊലീസ് ആസ്ഥാനം എന്നിവിടങ്ങളിലും വെളിച്ചമെന്നത് വെറുംവാക്ക് മാത്രമായി.