ministedium

വിതുര: നൂറുകണക്കിന് കായികതാരങ്ങളെ വാർത്തെടുത്ത വിതുര കെ.പി.എസ്.എം ജംഗ്ഷനു സമീപത്തെ മിനി സ്റ്റേഡിയത്തെ അവഗണിച്ച് അധികൃതർ.

ഒരുകാലത്ത് ആരവമുയർന്ന സ്റ്റേഡിയത്തിന് ഇന്ന് നിരത്താനുള്ളത് പരിമിതികളുടെയും പരാധീനതകളുടെയും കഥകൾ മാത്രമാണ്. സ്റ്റേഡിയത്തിന്റെ സമീപത്താണ് സർക്കാർ മദ്യശാല പ്രവർത്തിക്കുന്നത്. മദ്യപാനികളുടെ വിഹാരകേന്ദ്രമായി മാറിക്കഴിഞ്ഞ സ്റ്റേഡിയവും പരിസരവും കാടുമൂടിയ നിലയിലാണ്.

മുൻപ് സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വിതുര പഞ്ചായത്ത് നവീകരണത്തിനായി ഫണ്ട് അനുവദിച്ച് പ്രവേശനകവാടം നിർമ്മിച്ചെങ്കിലും പിന്നീട് സ്റ്റേഡിയത്തെ തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണ്. കായികതാരങ്ങൾക്ക് ഉപകാരപ്രദമാകുന്ന സ്റ്റേ‌ഡിയം എത്രയും പെട്ടെന്ന് നവീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

സാമൂഹികവിരുദ്ധരുടെ ശല്യം

സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണിപ്പോൾ സ്റ്റേഡിയം,മാത്രമല്ല കംഫർട്ട് സ്റ്റേഷനായും മാറിയിട്ടുണ്ട്. സാമൂഹ്യവിരുദ്ധർ സ്റ്റേഡിയത്തിലിരുന്ന് മദ്യം കഴിക്കുന്നതും പതിവാണ്.സ്റ്റേഡിയത്തിൽ മദ്യക്കുപ്പികളും മാലിന്യങ്ങളും അലക്ഷ്യമായി ചിതറിക്കിടക്കുകയാണ്.

മഴയിൽ തടാകമായിമാറും

ചെറിയൊരു മഴ പെയ്താൽ സ്റ്റേഡിയം പിന്നെ തടാകമായിമാറും. ഇടയ്ക്ക് നവീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും മാസങ്ങൾ പിന്നിട്ടപ്പോൾ പൂർവസ്ഥിതിയിലായി. ചെളിക്കളമായ സ്റ്റേഡിയം കായികതാരങ്ങൾക്കും പ്രദേശവാസികൾക്കും ദുരിതം വിതയ്ക്കുകയാണ്. സ്റ്റേഡിയം നവീകരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.എം ആർട്സ് ക്ലബും ജനനി ആർട്സ് ക്ലബും തേവിയോട് റസിഡന്റ് അസോസിയേഷനും കളിയിക്കൽ റസിഡന്റ് അസോസിയേഷനും അനവധി തവണ നിവേദനം നൽകിയിരുന്നു.

ശോച്യാവസ്ഥയിൽ കിടക്കുന്ന വിതുര പഞ്ചായത്ത് മിനി സ്റ്റേഡിയം ഉടൻ നവീകരിക്കണം.അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

കെ.പി.എസ്.എം ആർട്സ്

ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ

വിതുര പഞ്ചായത്ത് മിനിസ്റ്റേഡിയം നവീകരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.ഇതിനായി പത്ത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.പഞ്ചായത്ത് കമ്മിറ്റിയിൽ അനുമതി ലഭിച്ചാൽ ഉടൻ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കും.

മഞ്ജുഷാആനന്ദ്,

വിതുര പഞ്ചായത്ത് പ്രസിഡന്റ്