വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചാരുപാറയിൽ വീണ്ടും മാലിന്യനിക്ഷേപം രൂക്ഷം. രാത്രിയായാൽ ഇറച്ചിവില്പനശാലയിൽ നിന്നുള്ള വേസ്റ്റ് ചാക്കുകളിൽ നിറച്ച് റോഡരികിൽ കൊണ്ട് തളളുന്നത് ഇവിടങ്ങളിൽ പതിവാണ്.
വേസ്റ്റ് അഴുകി അസഹ്യമായ ദുർഗന്ധം കാരണം മൂക്ക് പൊത്തി വേണം ഇതിലൂടെ യാത്ര ചെയ്യാൻ. മാലിന്യനിക്ഷേപം രൂക്ഷമായ സാഹചര്യം ചൂണ്ടിക്കാട്ടി ഒരാഴ്ച മുൻപ് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് തൊളിക്കോട് പഞ്ചായത്ത് പ്രശ്നത്തിൽ ഇടപെടുകയും പഞ്ചായത്ത് പരിധിയിൽ വരുന്ന മാലിന്യം ചായം വാർഡ് മെമ്പർ ആർ.ശോഭനകുമാരിയുടേയും മുൻ മെമ്പർ ആനപ്പെട്ടി ബിജുവിന്റെയും ആരോഗ്യപ്രവർത്തക ബിന്ദുവിന്റെയും നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നു. എന്നാൽ വിതുര പഞ്ചായത്തിൽ മാലിന്യം കുന്നുകൂടുന്നത് നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയായില്ല. ഇതിനെതിരെ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വാഗ്ദാനം കടലാസിൽ
മാലിന്യനിക്ഷേപത്തിന് തടയിടാൻ നടപടികൾ സ്വീകരിക്കുമെന്ന് വിതുര പഞ്ചായത്ത് പറഞ്ഞിരുന്നെങ്കിലും വാഗ്ദാനം കടലാസിൽ മാത്രം ഒതുങ്ങുകയാണ് പതിവ്. അറവുശാലകളിലെ വേസ്റ്രും വീടുകളിലെ വേസ്റ്റും കുമിഞ്ഞുകൂടിക്കിടക്കുകയാണ്. അസഹ്യമായ ദുർഗന്ധം വമിക്കുന്നത് മൂലം പരിസരത്ത് പ്രവർത്തിക്കുന്ന വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും നാട്ടുകാരും ബുദ്ധിമുട്ടിലാണ്. മാത്രമല്ല പ്രദേശത്ത് കൊതുക് ശല്യം വർദ്ധിച്ചതിനാൽ പകർച്ചവ്യാധി ആശങ്കയിലാണ് നാട്ടുകാർ.
പ്രതികരണം
ചാരുപാറയിൽ വർദ്ധിച്ചുവരുന്ന മാലിന്യ നിക്ഷേപത്തിന് ശാശ്വത പരിഹാരം കാണണം. തൊളിക്കോട്, വിതുര പഞ്ചായത്തുകൾ അടിയന്തരമായി ഇവിടെ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണം.
ദീപാ.സി.നായർ
എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ
അഡ്വ.എൽ.ബീന ---മാനേജർ.