ss

വിവാദങ്ങൾക്കിടെ നയൻതാരയും ധനുഷും ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻസ് എത്തിയത്. സദസിൽ മുൻനിരയിൽ ഇരുന്ന നയൻതാരയുടെ അടുത്തുള്ള ഇരിപ്പിടത്തിലായിരുന്നു ധനുഷ്. എന്നാൽ ഇരുവരും പരസ്പരം മുഖം കൊടുക്കുന്നുണ്ടായിരുന്നില്ല. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മറ്റ് അതിഥികളുമായി സംസാരിക്കുന്ന നയൻതാരയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിവാദങ്ങൾ ആരംഭിച്ചതിനുശേഷം ഇത് ആദ്യമായാണ് ധനുഷും നയൻതാരയും ഒരേ വേദി പങ്കിടുന്നത്. ഡോക്യുമെന്ററിക്കെതിരെ 10 കോടി നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നയൻതാര തുറന്ന കത്തുമായി രംഗത്തെത്തിയത്. 2015-ൽ റിലീസ് ചെയ്ത നാനും റൗഡി താൻ സിനിമയിലെ ഗാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള എൻ.ഒ.സി അംഗീകരിക്കാൻ ധനുഷ് വിസമ്മതിച്ചതിൽ നയൻതാര നിരാശ പങ്കിട്ടിരുന്നു. ഒപ്പം പത്തുവർഷമായി ധനുഷിനും തനിക്കും ഇടയിലുള്ള പ്രശ്നം എന്തെന്ന് നയൻതാര കത്തിൽ തുറന്നുപറയുന്നുണ്ട്.