കല്ലമ്പലം: മണമ്പൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനം അശാസ്ത്രീയമാണെന്ന് ആരോപിച്ച് ബി.ജെ.പി പ്രതിഷേധത്തിനൊരുങ്ങുന്നു. മണമ്പൂർ പഞ്ചായത്തിൽ ഒരു വാർഡ് കൂട്ടുന്നതിനു വേണ്ടി എല്ലാ വാർഡുകളും യാതൊരു മാനദണ്ഡവും പാലിക്കാതെ വെട്ടി മുറിച്ചിരിക്കുകയാണെന്നാണ് ആരോപണം.ഓരോ വിഭജനത്തിന്റെ പേരിൽ കാലങ്ങളായി നിലവിലുണ്ടായിരുന്ന കാഞ്ഞിരം വാർഡ് മൂന്നാക്കി മാറ്റിയതിൽ ഗ്രാമവാസികൾ രോഷാകുലരാണ്.വാർഡിന്റെ ഭൂരിഭാഗവും കുളമുട്ടം വാർഡിലേക്കാണ് മാറ്റിയത്. നിലവിൽ കുളമുട്ടം വാർഡിൽ 1000 ത്തിൽ കൂടുതൽ വോട്ടർമാരുണ്ട്. കാഞ്ഞിരം വാർഡും കൂടി ചേരുമ്പോൾ ഏകദേശം 1800 ഓളം വോട്ടർമാരാകും. നിയമവിരുദ്ധമായ ഈ പ്രവൃത്തി ആരുടെയൊക്കെയോ അജൻഡയുടെ ഭാഗമായാണ് നടപ്പിലാക്കിയതെന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വോട്ടർമാർ കൂടുതലുള്ള വാർഡുകൾ മാത്രം വിഭജനം നടത്തി നിലവിലുള്ള കാഞ്ഞിരം വാർഡ് നിലനിറുത്തണമെന്നും ആവശ്യപ്പെട്ടാണ് ബി.ജെ.പി പ്രതിഷേധത്തിനൊരുങ്ങുന്നത്.