congress

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ ദിശാസൂചികയായി മാറുന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് വരാനിരിക്കെ പുന:സംഘടനയ്‌ക്കൊരുങ്ങി കോൺഗ്രസ് സംസ്ഥാന നേതൃത്വം. ജനറൽ സെക്രട്ടറി, സെക്രട്ടറി പദവികളിൽ കൂടുതൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകിയാകും പുന:സംഘടന. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ ഊർജ്ജസ്വലമാക്കി സംഘടനാ സംവിധാനം പൂർണതോതിൽ ചലിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

പ്രവർത്തന മികവും പാർട്ടി ഏൽപ്പിച്ച ജോലികൾ പൂർത്തിയാക്കാൻ കാട്ടുന്ന മിടുക്കും ഉൾപ്പെടെ പരിഗണിച്ചാകും യുവാക്കളെയടക്കം കെ.പി.സി.സി ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരിക.

ഒരു ജനറൽ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാർ എന്ന നിലയിലാകും പുന:സംഘടന എന്നറിയുന്നു. പ്രവർത്തന മികവില്ലാത്ത ജനറൽ സെക്രട്ടറിമാരെ ഒഴിവാക്കാനും ആലോചനയുണ്ട്. കാലങ്ങളായി ഒഴിഞ്ഞുകിടക്കുന്ന കെ.പി.സി.സി ട്രഷറർ സ്ഥാനത്തേക്കും ആളെ കണ്ടെത്തും.

പ്രവർത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവായ കൊടിക്കുന്നിൽ സുരേഷ് എം.പി വർക്കിംഗ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞാൽ അവിടെയും പുതിയ ആളെത്തും. ജില്ലയിലെ സംഘടനാ സംവിധാനം വേണ്ട രീതിയിൽ ചലിപ്പിക്കാത്ത ഡി.സി.സി പ്രസിഡന്റുമാരെ മാറ്റണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഡി.സി.സി തലത്തിൽ അഴിച്ചുപണിയുണ്ടായാൽ എല്ലാ ജില്ലകളിലേയും പ്രസിഡന്റുമാർക്കും ഭാരവാഹികൾക്കും മാറ്റമുണ്ടാവാനുള്ള സാദ്ധ്യതയും തള്ളാനാവില്ല.

ഗ്രൂപ്പിനതീതമായാണ് പുന:സംഘടനയെന്ന് പറയുന്നുണ്ടെങ്കിലും മുതിർന്ന നേതാക്കളുടെയടക്കം അഭിപ്രായം പരിഗണിച്ചാവും അന്തിമ തീരുമാനമെടുക്കുക. പ്രാഥമിക വിലയിരുത്തൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാക്കൾ നടത്തിയിട്ടുണ്ട്.

 സന്ദീപ് വാര്യർക്ക് പരിഗണന

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പിയിൽ നിന്നും കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ പുന:സംഘടനയിൽ പരിഗണിക്കും. കെപി.സി.സി തലത്തിൽ പാർട്ടിച്ചുമതലയും നൽകിയേക്കും.

 സംഘടനാ ദൗർബല്യം പരിഹരിക്കുക ലക്ഷ്യം

ലോക്സഭാ തിരഞ്ഞെടുപ്പിൽ പല ജില്ലകളിലും സംഘടനാ ദൗർബല്യം ബൂത്തുതല പ്രവർത്തനങ്ങളെ ബാധിച്ചെന്ന് സ്ഥാനാർത്ഥികൾ പരാതിപ്പെട്ടിരുന്നു. ഇതുതുടർന്നാൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളെ ബാധിക്കുമെന്ന ആശങ്ക നേതാക്കൾ പങ്കുവയ്ക്കുന്നു. സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കുന്നതിനൊപ്പം വിവിധ വിഭാഗങ്ങൾക്കുള്ള പ്രാതിനിധ്യവും പുനഃസംഘടനയിൽ ഉറപ്പാക്കും. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെ നിലവിലുള്ള ജംബോ കമ്മിറ്റിക്ക് മാറ്റം വരുത്തണമെന്നതും ദീർഘനാളായുള്ള ആവശ്യമാണ്