wayanad

കേരളത്തിന്റെ ആവശ്യങ്ങൾക്കു നേരെ കേന്ദ്രം പുലർത്തുന്ന അവഗണനയ്ക്കെതിരെ ഡൽഹിയിൽ യോജിച്ച പ്രക്ഷോഭത്തിന് മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തിൽ തീരുമാനമെടുത്തിരിക്കുകയാണ്. ലോക്‌സഭയുടെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എം.പിമാരുടെ യോഗം വിളിച്ചത്.

വയനാട്ടിലെ ഉരുൾപൊട്ടലിൽ വീടും വസ്തുക്കളും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്ര സഹായം വൈകുന്ന വിഷയമാണ് ഇത്തവണ പ്രധാനമായും യോഗത്തിൽ ഉയർന്നുവന്നത്. ഈ പ്രശ്നം ഉയർത്തിപ്പിടിച്ച് പാർലമെന്റിന് അകത്തും പുറത്തും സംയുക്തമായ പ്രതിഷേധങ്ങൾ നടത്താൻ എൽ.ഡി.എഫ്, യു.ഡി.എഫ് എം.പിമാർ ഒരുമിച്ചു നീങ്ങാനാണ് ഒരുങ്ങുന്നത്. പാർലമെന്റിനു പുറത്തെ പ്രതിഷേധം എങ്ങനെ വേണമെന്ന് എം.പിമാർ ഡൽഹിയിൽ തീരുമാനിക്കും. ബി.ജെ.പി എം.പിമാർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

ദുരന്തമുണ്ടായ ഉടൻ രക്ഷാപ്രവർത്തനങ്ങൾക്കും ഗതാഗത സൗകര്യം പുനഃസ്ഥാപിക്കാനും വേണ്ട സഹായങ്ങൾ കേന്ദ്രം ലഭ്യമാക്കിയതായി മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. വയനാട് ദുരന്തത്തിന് ഒരു സഹായവും കേന്ദ്രം ഇതുവരെ നൽകിയില്ല എന്ന തരത്തിലുള്ള വിമർശനങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. ആദ്യഘട്ടത്തിൽ ഇങ്ങനെ സഹായിച്ചതിനുള്ള നന്ദി സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്. എന്നാൽ, പ്രത്യേക ധനസഹായം ഇതുവരെ അനുവദിക്കാത്തതാണ് പ്രക്ഷോഭത്തിനു കാരണമായി പറയുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 1,202 കോടിയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുള്ള നിവേദനം സമർപ്പിച്ച് നാലുമാസം പിന്നിട്ടിട്ടും സഹായമൊന്നും ലഭിച്ചില്ലെന്നതാണ് കേരളത്തിന്റെ പരാതി. കേന്ദ്രത്തിൽ നിന്ന് ധനസഹായം നേടിയെടുക്കുന്നതിൽ പ്രതിഷേധത്തിന്റെ മാർഗത്തിനൊപ്പം സമവായത്തിന്റെ മാർഗവും കേരളം തേടേണ്ടതാണ്.

ഉദ്യോഗസ്ഥ തലത്തിൽ ചെയ്തുതീർക്കാനുള്ള കാര്യങ്ങൾ പരമാവധി കാര്യക്ഷമതയോടെ പൂർത്തിയാക്കാൻ കൂടി കഴിയണം. പ്രധാനമന്ത്രി വരെ വന്ന് നേരിട്ടുകണ്ട് ബോദ്ധ്യപ്പെട്ട ദുരന്തമായതിനാൽ ഇക്കാര്യത്തിലുള്ള ധനസഹായം ഏറെനാൾ വൈകിപ്പിക്കാൻ കേന്ദ്രത്തിനും കഴിയില്ല. സമരംചെയ്ത് പിടിച്ചുവാങ്ങിയതാണ് സഹായധനം എന്ന മട്ടിലുള്ള രാഷ്ട്രീയ പ്രചാരണം ഒഴിവാക്കുന്നതാണ് കേന്ദ്ര - സംസ്ഥാന ബന്ധം കൂടുതൽ മെച്ചപ്പെട്ട നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ ഉതകുന്നത്. രാഷ്ട്രീയമായുള്ള ഏറ്റുമുട്ടലിനു മുൻതൂക്കം നൽകുന്നത് പലപ്പോഴും വിഷയങ്ങൾ പരിഹരിക്കപ്പെടാതെ അനന്തമായി നീളാൻ ഇടയാക്കുമെന്ന് കേരളം തിരിച്ചറിയേണ്ടതുണ്ട്. റെയിൽവേ വികസന കാര്യത്തിൽ കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന നിഷേധാത്മക സമീപനം ഓരോ തവണയും എം.പിമാരുടെ യോഗത്തിൽ ഉയർന്നുവരാറുള്ളതാണ്. എന്നാൽ ഈ വിഷയത്തിൽ പറയത്തക്ക തുടർനടപടികൾ എം.പിമാർ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

എം.പിമാരുടെ കഴിഞ്ഞ യോഗത്തിൽ എയിംസിനായും 24,000 കോടിയുടെ സ്പെഷ്യൽ പാക്കേജിനായും സംയുക്ത നിവേദനം നൽകാൻ തീരുമാനിച്ചിരുന്നതാണ്. അതിൽ തുടർനടപടി എന്തായെന്നു കൂടി അന്വേഷിക്കണം. കൂടുതൽ കേന്ദ്ര സഹായം നേടാൻ പതിവു രീതികൾ വിട്ട് പുതിയ മാർഗങ്ങൾ തേടാൻ സംസ്ഥാന സർക്കാർ തന്ത്രങ്ങൾ രൂപീകരിക്കേണ്ടതും ആവശ്യമാണ്. കോഴിക്കോട്ടെ കിനാലൂരിൽ 200 ഏക്കർ സ്ഥലം ഏറ്റെടുത്ത് എയിംസിനായി ദീർഘകാലമായി കാത്തിരിക്കുകയാണ് നമ്മൾ. എം.പിമാർ ഒന്നിച്ചുനിന്ന് സമ്മർദ്ദം ചെലുത്തിയാൽ ഈ ആവശ്യം നേടിയെടുക്കാനാവും. കേരളത്തിനു ലഭിക്കുന്ന കേന്ദ്ര വിഹിതവും ഗ്രാന്റും വലിയ തോതിൽ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ 24,000 കോടിയുടെ സ്പെഷ്യൽ പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ഇത്തവണയും എം.പിമാരുടെ യോഗം ഉന്നയിച്ചിട്ടുണ്ട്. വയനാടിന്റെ കാര്യത്തിൽ അനുഭാവപൂർവമായ നടപടി എത്രയും വേഗം കേന്ദ്രത്തിൽ നിന്ന് ഉണ്ടാകാൻ കേരളത്തിൽ നിന്നുള്ള ബി.ജെ.പി എം.പിമാരും ശ്രമിക്കേണ്ടതാണ്.